ആരും ഇത് കണ്ട് കൊതിക്കരുത്, ഇത് മോര്‍ച്ചറിയാണ്! പ്രവര്‍ത്തനത്തിനും ഫേസ്ബുക്ക് പോസ്റ്റിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് അഭിനന്ദന പ്രവാഹം

പുറമേ നിന്ന് കണ്ടാല്‍ പുതുതായി പണി കഴിഞ്ഞ ഒരു വീട്. അകത്തേയ്ക്ക് കയറിയാല്‍ വീടല്ലെന്ന് മനസിലാവുമെങ്കിലും അതിമനോഹാരമായ നിര്‍മിതി. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയുടെ കാര്യമാണ്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച മോര്‍ച്ചറിയുടെ ചിത്രങ്ങള്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കണ്ടുകൊതിക്കരുത്, മോര്‍ച്ചറിയാണ് എന്ന കുറിപ്പോടെയാണ് ദിവ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ദിവ്യയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആളുകള്‍.

ജനപ്രതിനിധി എന്ന നിലയിലുള്ള ദിവ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം അറിയിക്കുന്നുമുണ്ട്. ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ചിത്രങ്ങളും ദിവ്യ പോസ്റ്റ് ചെയ്യുകയും ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.75 കോടി രൂപ ചെലവിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചത്.

Related posts