ചര്‍ച്ചയ്ക്ക് ഞാന്‍ തയാറല്ല, അതിന് പ്രസക്തിയുമില്ല! സിനിമയ്ക്കുവേണ്ടി എഴുതിയ തിരക്കഥ തിരികെ കിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാതെ എം.ടി. വാസുദേവന്‍ നായര്‍

രണ്ടാമൂഴം എന്ന ചിത്രത്തിനുവേണ്ടി താന്‍ എഴുതിയ തിരക്കഥ തിരികെ കിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ച് എം.ടി. വാസുദേവന്‍ നായര്‍. ‘ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’- എം.ടി. കോടതിയില്‍ അറിയിച്ചു.

എം.ടി. നല്‍കിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി. താനുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലാണ്, സിനിമയുടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകള്‍ നിര്‍മ്മിക്കാനായി താന്‍ എഴുതി നല്‍കിയ തിരക്കഥ തിരികെ ചോദിക്കുന്നതെന്നു എം.ടി. മുന്‍പ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, നിര്‍മ്മാതാക്കളായ എര്‍ത്ത് ആന്‍ഡ് എയര്‍ എന്റര്‍ടൈന്‍മെന്റുമാണ് തര്‍ക്കത്തില്‍ എതിര്‍കക്ഷികള്‍. തിരക്കഥ തിരികെ വേണമെന്നും താന്‍ തിരക്കഥ എഴുതിയതിനു മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കാമെന്നും നേരത്തെതന്നെ എം.ടി. വ്യക്തമാക്കിയിരുന്നു.

കേസിന്റെ വാദത്തിനിടെയാണ് ആര്‍ബിട്രേറ്ററെ വെച്ച് വിട്ടുവീഴ്ചക്ക് ശ്രമിക്കാം എന്ന നിര്‍ദ്ദേശം സംവിധായകന്‍ മുന്നോട്ട് വച്ചത്. ഇതിനെതിരെയുള്ള തന്റെ തീരുമാനമാണ് എം.ടി. ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

തിരക്കഥ കൈമാറി 3 വര്‍ഷത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നായിരുന്നു എം.ടിക്ക് നല്‍കിയ കരാര്‍. എന്നാല്‍ 4 വര്ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങിയില്ല. അതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ടു കോടതിയില്‍ കേസ് കൊടുക്കാന്‍ എം.ടി. തീരുമാനിക്കുന്നത്.

Related posts