കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇന്നലെ അടച്ച ഷട്ടറുകള്‍ ഇന്നു രാവിലെ വീണ്ടും തുറന്നത്.
ഡാമിലെ ജലനിരപ്പ് 138. 9 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിനു അടച്ച മൂന്നു ഷട്ടറുകളും വൈകുന്നേരം അഞ്ചിനടച്ച രണ്ടു ഷട്ടറുകളും 60 സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.
ഒരുഷട്ടര്‍ തുറന്നുവച്ചിരിക്കുകയായിരുന്നു. തേക്കടിവനത്തിനുള്ളില് മഴ ശക്തമാണെന്നാണ് സൂചന. ഇന്ന് രാവിലെ അണക്കെട്ടിലേക്ക് 5083 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
ഡാമിലെ ജലനിരപ്പും നീരൊഴുക്കും ഒക്കെ സംബന്ധിച്ച് തമിഴ്നാട് നല്കുന്ന കണക്കുകള്‍ മാത്രമാണ് കേരളത്തിന്റെ പക്കലുള്ളത്.
ഡാമിലെ സ്ഥിതിവിവരങ്ങള്‍ സ്വതന്ത്രമായി വിലയിരുത്താനുള്ള യാതൊരു സംവിധാനവും കേരളത്തിനില്ല.
ഡാമിന്റെ വൃഷ്ടിപ്രദേശവും വെള്ളം സ്വാഭാവികമായി ഒഴുകുന്ന പ്രദേശവും ഡാം ഭീഷണി നേരിടുന്ന പ്രദേശവും കേരളമാണെങ്കിലും ഡാമിലെ യാതൊരു വിവരവും നേരിട്ട് ശേഖരിക്കാനുള്ള സംവിധാനം കേരളത്തിനില്ലെന്നത് പരിതാപകരമാണ്.