12-ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി ! ആക്രി പെറുക്കിയും ബാലവേല ചെയ്തും ജീവിതം; ലൂസിഫറിലെ മുത്തുവിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

ലൂസിഫറില്‍ ലാലേട്ടന്റെ അനുയായി നിന്ന മുത്തുവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല…സിനിമയിലെ പല മാസ് സീനുകളിലും ലാലേട്ടനൊപ്പമുണ്ടായിരുന്ന മുത്തു എന്ന മുരുകന്‍ മാര്‍ട്ടിനും മകള്‍ ഹെലനും മലയാളികളുടെ കയ്യടി വാങ്ങുകയാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് മുരുകന്‍ മാര്‍ട്ടിന്റെത്. 12 – ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി, ബാലവേല ചെയ്ത് ജീവിതം തള്ളിനീക്കി, സിനിമയെ പ്രണയിച്ച്, തയ്യല്‍ പഠിച്ച്, ജൂനിയര്‍ ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം അസിസ്റ്റന്റുമായി, ചെറുവേഷങ്ങളിലൂടെ ‘ലൂസിഫറി’ലെ മുത്തു വരെയുള്ള ജീവിതയാത്രയില്‍ അയാള്‍ താണ്ടിയതത്രയും പൊള്ളുന്ന കനല്‍ പാതകളായിരുന്നു.

ഞാന്‍ തമിഴനാണ്, മധുര സ്വദേശി. 12 -ാം വയസ്സിലാണ് കേരളത്തിലെത്തിയത്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ എന്നെ നാട്ടില്‍ നിര്‍ത്തി അമ്മ കൊച്ചിയിലേക്ക് പോന്നിരുന്നു. നാട്ടില്‍ അമ്മ ജോലിക്കു നിന്ന വീട്ടുകാര്‍ കേരളത്തിലേക്കു വന്നപ്പോള്‍, എന്നെ അമ്മാവനെ ഏല്‍പ്പിച്ച്, അവരുടെ കൊച്ചിനെ നോക്കാന്‍ അമ്മയും ഒപ്പം പോരുകയായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്ന ഞാന്‍ മധുരയില്‍ കുറേ അലഞ്ഞു”. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മുരുകന്‍ പറയുന്നതിങ്ങനെ…

”അമ്മ കൊച്ചിയിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, അമ്മാവന്‍ എന്നെ തിരക്കി കണ്ടു പിടിച്ച് അമ്മയുടെ അടുക്കലെത്തിച്ചു. പഴയ കമ്മട്ടിപ്പാടത്ത്, ഒരു വാടകവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ആ വീടൊക്കെ ഇപ്പോഴുമുണ്ട്. അമ്മയുടെ യഥാര്‍ത്ഥ പേര് പെരുമാളക്കയെന്നാണ്. കേരളത്തില്‍ വന്ന ശേഷം, ജോലിക്കു പോകുന്ന വീടുകളിലുള്ളവര്‍ അവര്‍ക്കെളുപ്പമുള്ള പോലെ പല പേരുകളും വിളിക്കാന്‍ തുടങ്ങി. എനിക്ക് ഒരു ചേച്ചിയും ചേട്ടനുമുണ്ട്. അച്ഛന്റെ പേര് ബാലു. ഞാന്‍ രണ്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. കുട്ടിക്കാലം മുതല്‍ ആക്രി പെറുക്കലും കാലി മേയ്ക്കലും തുടങ്ങി പല പണികളും ചെയ്തു”.മുരുകന്‍ പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിക്കുന്നതെന്ന് മുരുകന്‍ പറയുന്നു. ‘ഫ്രീഡം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് കോസ്റ്റ്യൂമര്‍ മഹിയെ പരിചയപ്പെട്ടത്. അങ്ങനെ അദ്ദേഹത്തിന്റെ സഹായിയായി ചേര്‍ന്നു. സിനിമ മാത്രമായിരുന്നു മനസ്സില്‍. ‘കിലുക്കം കിലുകിലുക്കം’ മുതല്‍ കുറേ സിനിമകളില്‍ കോസ്റ്റ്യൂം അസിസ്റ്റന്റായി. അതോടെ സിനിമയില്‍ ധാരാളം സൗഹൃദങ്ങളുണ്ടായി. ആദ്യമായി ഒരു നല്ല വേഷം കിട്ടുന്നത് ‘കെ.എല്‍ ടെന്‍ പത്തി’ലാണ്. ‘കലി’യിലെയും ‘അങ്കമാലി ഡയറീസി’ലെയുമൊക്കെ വേഷങ്ങള്‍ വന്നപ്പോഴേക്കും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഞാന്‍ ആരോടും അവസരം ചോദിച്ചിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നു തോന്നും. അവര്‍ക്ക് പലരോടും കമിറ്റ്‌മെന്‍സുണ്ട്. അതിനിടെ നമ്മള്‍ കൂടി ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ. ‘ലൂസിഫറി’ന്റെ തിരക്കഥാകൃത്ത് മുരളിച്ചേട്ടനും അസോസിയേറ്റ് വാവ കൊട്ടാരക്കരയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. അവസരം ചോദിച്ചില്ലെങ്കിലും ഭാഗ്യം പോലെ മുത്തു എന്ന കഥാപാത്രം എന്നെ തേടി വന്നു. പൃഥ്വിരാജ് സാര്‍ ഉള്‍പ്പടെ, എന്നെ തിരിച്ചറിഞ്ഞു വിളിക്കുന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതും നേട്ടമാണ്. മുരുകന്‍ പറയുന്നു… ചിത്രത്തില്‍ റാഹേല്‍ എന്ന കഥാപാത്രമായാണ് മുരുകന്റെ മകള്‍ ഹെലന്‍ അഭിനയിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ വിവരങ്ങള്‍ മുരുകന്‍ പറയുന്നതിങ്ങനെ…അവള്‍ കൂടിയുള്ള ലാലേട്ടന്റെ മാസ് സീന്‍ എടുത്ത ശേഷം മോളെയും കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അന്നു സെറ്റിലുണ്ട്. അപ്പോള്‍ പൃഥ്വിരാജ് സാര്‍ മൈക്കിലൂടെ, ‘മുരുകനെവിടെ’ എന്നു ചോദിച്ചു. ഞാന്‍ പെട്ടെന്ന് ഓടിച്ചെന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘മുരുകാ ഞാനൊക്കെ ചെറുപ്പത്തില്‍ അഭിനയം പഠിച്ചത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടിട്ടാണ്. മുരുകന് അതിന്റെ ആവശ്യമില്ല. മോളെ നോക്കി പഠിച്ചാല്‍ മതി’ എന്നാണ്.

ഭാര്യ ആനി. കമ്മട്ടിപ്പാടത്തെ ശാന്തിഭവനില്‍ നിന്നാണ് ഞാനവളെ കല്യാണം കഴിച്ചത്. അവളും എട്ടൊമ്പതു വയസ്സുള്ളപ്പോള്‍ ബാലവേലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ വന്നതാണ്. എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി വഴി വന്ന ആലോചനയാണ്. ഹെലനാണ് മൂത്ത മകള്‍. ഇപ്പോള്‍ ഏഴ് വയസ്സായി. രണ്ടാമത്തവള്‍ ഭാരതിയ്ക്ക് അഞ്ചും മൂന്നാമത്തവന്‍ ഏകലവ്യന് രണ്ടും വയസ്സായി. ഇങ്ങനെ പോകുന്നു മുത്തു എന്ന മുരുകന്റെ കുടുംബവിശേഷങ്ങള്‍…

Related posts