അഞ്ചും കെട്ടു പത്തും കെട്ടും ഇഎംഎസിന്റെ ഓളെയും കെട്ടും ! പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍; മുസ്ലിം ലീഗ് മതേതര കുപ്പായം ഉപേക്ഷിക്കുമ്പോള്‍…

പേരില്‍ തന്നെ മതമുള്ള ഒരു പാര്‍ട്ടിയെ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ ഒരു പക്ഷെ മലയാളികള്‍ക്കേ കഴിയൂ, പ്രത്യേകിച്ച് മലയാളി ബുദ്ധിജീവികള്‍ക്ക്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിട്ടതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി ജനത.

ലീഗിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വഖഫ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിടുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് നമ്മുടെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ മകളെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും അവഹേളിച്ച് ലീഗ് നേതാവ് സംസാരിച്ചപ്പോള്‍ പോലും കടുപ്പിച്ച് മറുപടി പറയാന്‍ മുഖ്യമന്ത്രിയ്ക്കായില്ല.

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതംവിട്ട് പോവുകയാണെന്ന് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞതിനെ ഏതര്‍ഥത്തില്‍ എടുക്കണമെന്ന് മലയാളികള്‍ക്ക് തീരുമാനിക്കാം.

ഇപ്പോള്‍ പ്രതിപക്ഷ നിരയിലാണെങ്കിലും സംഘടിത മുസ്ലിം വോട്ടുബാങ്കിന്റെ ബലത്തില്‍ ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനും മതേതര പാര്‍ട്ടിയായി വിലസാനും ലീഗിന് നല്ലപോലെ അറിയാം.

നിലവില്‍ വഖഫ് ബോര്‍ഡ് സ്വകാര്യസ്വത്ത് പോലെ കൈവശം വച്ചനുഭവിക്കുകയാണ് മുസ്ലിംലീഗും നേതാക്കളും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ 20 വര്‍ഷം മുമ്പ് അഡ്വ.ജമാലിനെ വഖഫ് സിഇഒയായി നിയമിക്കുന്നതോടെയാണ് കാര്യങ്ങള്‍ ലീഗിന്റെ വരുതിയിലാകുന്നത്.

പിന്നീട് കോടികളുടെ വഖഫ് സ്വത്ത് കാണാതായി. മാത്രമല്ല പിന്‍വാതില്‍ നിയമനങ്ങളിലൂടെ ലീഗ് നേതാക്കള്‍ കോടികള്‍ സ്വന്തമാക്കുന്നതായും ആരോപണമുണ്ട്.

വഖഫ് ബോര്‍ഡിന്റെ ഏഴ് ഓഫീസുകളിലായി 105 പേരില്‍ 32 പേര്‍ സ്ഥിരം ജീവനക്കാരും ബാക്കിയുള്ള 73 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്. ഇതില്‍ കൂടുതലും ലീഗിന്റെ നിര്‍ദ്ദേശപ്രകാരവും സ്വന്തം താല്‍പര്യ പ്രകാരവും ബി.എം.ജമാല്‍ നടത്തിയ നിയമനങ്ങളാണ്.

വഖഫ് സ്വത്തുക്കള്‍ മുസ്ളിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ചട്ടം എന്നാല്‍ അന്യമതസ്തരായ അഞ്ച് പേര്‍ക്ക് ബി.എം.ജമാല്‍ സിഇഒ ആയിരുന്ന കാലത്ത് ബോര്‍ഡില്‍ നിയമനം നല്‍കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് സ്വാതന്ത്ര്യ സമരം ആളിക്കത്തുമ്പോള്‍ പാക്കിസ്ഥാനു വേണ്ടിയുള്ള സമരങ്ങള്‍ മലപ്പുറത്തിന്റെ പലഭാഗത്തും നടന്നിരുന്നു. ഇത് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍ എന്നും, എട്ടണക്ക് കത്തിവാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാന്‍ എന്നും, പാക്കിസ്ഥാന്‍ ഇല്ലെങ്കില്‍ ഖബറിസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ടൊക്കെയാണ് വന്‍ തോതിലുള്ള പ്രകടനങ്ങള്‍ മലപ്പുറത്ത് നടന്നത്.

ഇ.മൊയ്തു മൗലവി അത്മകഥയിലൊക്കെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഈ പ്രകടനങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ആര്യാടന്റെ പല പ്രസംഗങ്ങളിലും ഈ പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍ എന്ന മുദ്രാവാക്യം പരാമര്‍ശിക്കെപ്പെട്ടിട്ടുണ്ട്.

1946-47 കാലഘട്ടത്തില്‍ മലപ്പുറത്ത് വ്യാപകമായി ഉയര്‍ന്ന ഈ മുദ്രാവാക്യത്തിന് അന്ന് ജിന്നയുടെ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടായിരുന്നു.

ദ്വിരാഷ്ട്ര വാദത്തിന്റെ വക്താവയ ജിന്നയുടെ ലീഗിന് മുസ്ലിം സമുദായത്തില്‍ മൊത്തമായും കേരളത്തിലും വലിയ വേരുകള്‍ ഉണ്ടായിരുന്നു.

ഇന്ന് ജിന്നയുടെ ലീഗ് അല്ല തങ്ങളുടെ ലീഗ് എന്ന വെളുപ്പിക്കലുകള്‍ ലീഗ് നേതാക്കള്‍ പലപ്പോഴും നടത്താറുണ്ടെങ്കിലും.

പക്ഷേ ഈ പാക്കിസ്ഥാന്‍ വാദം കേരളത്തില്‍ ക്ലച്ച് പിടിക്കാതെ പോയത് ഒരേ ഒരു വ്യക്തിയെക്കൊണ്ടായിരുന്നു. അതായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്.

കോണ്‍ഗ്രസിലെ ദേശീയ മുസ്ലിം നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ.മൊയ്തു മൗലവിയുമൊക്കെ, ‘കുത്തിവാങ്ങും പാക്കിസ്ഥാന്‍’ എന്ന മുദ്രാവാക്യക്കാരോട് നമുക്ക് ചെറിയ പാക്കിസ്ഥാനല്ല ലക്ഷ്യം, വിശാല ഭാരത വിമോചനമാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

ഇന്ത്യ വിഭജനത്തിനു ശേഷം മുസ്ലിംലീഗിന്റെ നിരവധി നേതാക്കള്‍ പാക്കിസ്ഥാനിലേക്ക് പോയി.
1948മാര്‍ച്ച് 10ന് മുഹമ്മദ് ഇസ്മായില്‍ സാഹിബ് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്വാതന്ത്ര്യാനന്തരമുള്ള വര്‍ഗീയ കലാപങ്ങളെത്തുടര്‍ന്ന് അധികം താമസിക്കാതെ പിരിച്ചു വിടുകയായിരുന്നു.

അതോടെ ലീഗിലെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറി.

മുസ്ലിം ലീഗ് നേതാക്കളുടെ തലോടലേറ്റ് വളര്‍ന്നുവന്ന ചില പ്രമുഖ മുസ്ലിം സ്ഥാപനങ്ങള്‍ പോലും ലീഗുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ അക്കാലത്ത് നടത്തിയ ശ്രമത്തിന്റെ രേഖകള്‍ കാണാമായിരുന്നു.

പൊതുവില്‍ പണക്കാരും പ്രഭുക്കളും നാടുവാഴികളും ജന്മിമാരുമായ പലരും ലീഗിനെ കയ്യൊഴിയുകയായിരുന്നു. ഇക്കാലത്താണ് നെഹ്‌റു ലീഗിനെ ചത്തകുതിര എന്ന് വിശേഷിപ്പിക്കുന്നതും. പക്ഷേ മതം വെച്ചുള്ള കളിക്ക് ഇന്നല്ലെങ്കില്‍ നാളെ സ്‌കോപ്പുണ്ട് ലീഗിന് അറിയാമായിരുന്നു.

വിമോചന സമരത്തിന്റെ അവസാന നാളുകളിലൊക്കെ ലീഗ് സജീവമായി. നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച അതേ പാര്‍ട്ടിയെ കോണ്‍ഗ്രസിന് ഒപ്പം കൂട്ടേണ്ടി വന്നു.

ലീഗാണെങ്കില്‍ മതസൗഹാര്‍വാദികളായി അഭിനയിക്കയും ചെയ്തു.പിന്നീട് മാര്‍ക്വിസ്റ്റ് പാര്‍ട്ടിയും ലീഗിനെ ഒപ്പം കൂട്ടി. സി.എച്ച് മുഹമ്മദ് കോയയെപ്പോലുള്ള ജനപ്രിയരായ നേതാക്കളും ഉണ്ടായി. ഇടതും വലതും മാറിമാറിക്കളിച്ച് ലീഗ് പിടിച്ചു നിന്നു.

80കളിലെ ശരീയത്ത് വിവാദകാലത്ത് ഇ.എം.എസ് ലീഗിനെതിരെ നിലപാട് എടുത്തു. അന്നും ലീഗിന്റെ ഉള്ളിലെ വര്‍ഗീയത അതേപടി പുറത്തുചാടി.’ അഞ്ചും കെട്ടും പത്തും കെട്ടും, ഇ.എം.എസിന്റെ ഓളെയും കെട്ടും, വേണമെങ്കില്‍ മോളെയും കെട്ടു’മെന്ന് ആഭാസ മുദ്രാവാക്യം അവര്‍ തെരുവില്‍ മുഴക്കി.

ഒരേ സമയം മൂന്നും നാലുകെട്ടുന്ന മുസ്ലിം പുരുഷന്‍, കറിവേപ്പിലപോലെ തെരുവിലേക്ക് വലിച്ചെറിയുന്ന സ്ത്രീയ്ക്കു വേണ്ടി നില്‍ക്കാന്‍ ഇന്ത്യന്‍ തന്നെ ആരും ഉണ്ടായിരുന്നില്ല. ഷാബാനു ബീഗം കേസിലെ അനുഭവം അതാണ് സൂചിപ്പിക്കുന്നത്.

ഹാഗിയ സോഫിയ വിഷയം നോക്കുക. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍പോലും മതസൗഹാര്‍ദത്തിനുവേണ്ടി നിലകൊണ്ടു എന്ന് പറയുന്ന മുസ്ലിം ലീഗ് ഈ വിഷയത്തില്‍ തികഞ്ഞ വര്‍ഗീയ നിലപാടാണ് എടുത്തത്.

തുര്‍ക്കിയില്‍ മുമ്പ് ക്രിസ്ത്യന്‍ പള്ളിയായിരുന്നു ഈ കെട്ടിടം എര്‍ദോഗാന്റെ ഗവണ്‍മെന്റ് മോസ്‌ക്ക് ആക്കിയത് ലോകവ്യാപകമായി പ്രതിഷേധത്തിന് വകവെച്ചു.

അപ്പോള്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെ നിലപാട് അത് മോസ്‌ക്ക് തന്നെയാണ് ആയിരുന്നു. ഇതേ കൂട്ടരാണ് അയോധ്യ പ്രശ്്‌നത്തില്‍ ഇരവാദം എടുക്കുന്നതെന്ന് നോക്കണം.

മതേതര കുപ്പായമണിഞ്ഞിരുന്ന ലീഗിന് പച്ചയ്ക്ക് വര്‍ഗീയത പറയേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, സിപിഎം തുടങ്ങിയ സംഘടനകള്‍ക്ക് കൃത്യമായ പങ്കുണ്ട്.

മുസ്ലിം വിഷയങ്ങള്‍ ആളിക്കത്തിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനം നേടാന്‍ മേല്‍പ്പറഞ്ഞ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് ലീഗ് തിരിച്ചറിഞ്ഞു.

മുസ്ലിം ലീഗിനെക്കാള്‍ വലിയ മുസ്ലിം ഭക്തി സിപിഎം കാണിക്കുന്നതും എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ അതിവൈകാരിക ആളിക്കത്തിക്കുകയും ചെയ്യുമ്പോള്‍ വര്‍ഗീയത പറയുകയല്ലാതെ ലീഗിന് തരമില്ലായിരുന്നു.

ഇപ്പോള്‍ ലീഗിനെ ചീത്തപറയുന്ന കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പലവട്ടം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിട്ടുള്ളതാണെന്ന് മറക്കാന്‍ പാടില്ല. ഇനിയും അത് അസാധ്യവുമല്ല.

കേരളത്തില്‍ മതേതരം എന്ന വാക്കിന് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പ്രത്യേക അര്‍ഥമാണുള്ളത് എന്നതിനാല്‍ ലീഗ് ഇനിയും മതേതര ലേബലില്‍ തുടരും എന്ന് തീര്‍ച്ചയാണ്.

പ്രത്യേകിച്ച് ഇവിടുത്തെ ഇസ്ലാമിസ്റ്റുകളെ ഭയന്ന്, അനുസരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശിര്‍വാദം ഉള്ളിടത്തോളം കാലം ലീഗ് ഇങ്ങനെതന്നെ പോകുമെന്നുറപ്പ്.

Related posts

Leave a Comment