കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി. ഗോവിന്ദൻ ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം. എം.വി. ഗോവിന്ദന്റെ ശൈലി അണികൾ അംഗീകരിക്കാത്തതാണ് തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും വിലയിരുത്തുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതുമുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. തളിപ്പറന്പ്, പയ്യന്നൂർ, അന്പലപ്പുഴ എന്നിവടങ്ങളിൽ സിപിഎമ്മിൽ നിന്നു പുറത്തുപോയവർ നേടിയ വിജയവും എം.വി. ഗോവിന്ദന് തിരിച്ചടിയായിരിക്കുകയാണ്.
തളിപ്പറന്പിൽ താൻ മത്സരിക്കുന്നില്ലെന്നു പറഞ്ഞ് ഭാര്യ പി.കെ. ശ്യാമളക്ക് സ്ഥാനാർഥിത്വം നല്കിയപ്പോൾ തന്നെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. നിലവിൽ, തളിപ്പറന്പിൽ വിജയിച്ച സിപിഎമ്മിൽ നിന്നു പുറത്താക്കിയ ടി.കെ. ഗോവിന്ദൻ ഇക്കാര്യം പറഞ്ഞതാണ്.
എന്നാൽ, കണ്ണൂരിൽ നിന്നു തളിപ്പറന്പിൽ മത്സരിക്കേണ്ടവരുടെ ലിസ്റ്റ് അയച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചെന്നപ്പോൾ അവിടെ പി.കെ. ശ്യാമളയെന്ന ഒറ്റ പേരിലേക്ക് ഉയരാൻ കാരണം സംസ്ഥാന സെക്രട്ടറിയാണെന്നും വിമർശനം ഉയർന്നിരുന്നു. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എം.വി. ഗോവിന്ദനും കൂടി ഉൾപ്പെട്ട തളിപ്പറന്പിലെ യോഗത്തിൽ ഒരു വിഭാഗം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പി.കെ. ശ്യാമള തോറ്റതോടെ തോൽവിയുടെ ഉത്തരവാദിത്വം എം.വി. ഗോവിന്ദൻ ഏറ്റെടുക്കേണ്ടി വരും.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകൾക്ക് വിശദീകരണം നല്കാൻ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ എം.വി. ഗോവിന്ദന് കഴിഞ്ഞില്ല.ആരോപണ വിധേയനായ ടി.ഐ. മധുസൂദനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
സിപിഎമ്മിന്റെ മുൻ ഷൊർണൂർ എംഎൽഎ യുഡിഎഫിൽ ചേർന്ന പി.കെ. ശശിയിൽ നിന്നു എം.വി. ഗോവിന്ദനെതിരേയാണ് രൂക്ഷമായ വിമർശനം ഉയർന്നത്. അന്പലപ്പുഴയിൽ വിജയിച്ച ജി. സുധാകരനും എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചു എന്ന് പറഞ്ഞാണ് സിപിഎം വിട്ടത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളെ പരിഗണിക്കാതെയുള്ള എം.വി. ഗോവിന്ദന്റെ ശൈലിയോട് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പുകൾ കൂടിവരികയാണെന്നാണ് സൂചന.
കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2022 സെപ്റ്റംബറിലാണ് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.
- റെനീഷ് മാത്യു
