വാതിലടച്ച ശേഷം അലറിക്കരഞ്ഞാല്‍ പോലും പുറംലോകത്ത് ആ ശബ്ദം എത്തില്ല; മുറിയിലെ പെട്ടികളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാവുന്നത് പോലീസുകാര്‍ക്ക് മാത്രം; നെടുങ്കണ്ടത്തെ ‘ഇടിമുറി’യുടെ അകക്കാഴ്ചകള്‍ ഇങ്ങനെ…

ഒരാള്‍ എത്ര ഉച്ചത്തില്‍ നിലവിളിച്ചാലും വാതിലടച്ചു കഴിഞ്ഞാല്‍ ഈ നാലു ചുവരുകള്‍ക്ക് വെളിയില്‍ അത് പോകില്ല. ഇവിടെ അരങ്ങേറിയ മൂന്നാംമുറകള്‍ക്ക് കൈയ്യും കണക്കുമില്ല. രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ മാസം 12നാണു കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഈ മുറിയിലെത്തിച്ച് 14 വരെ തുടര്‍ച്ചയായി മര്‍ദിച്ചു.

കുമാറിന്റെ ശരീരത്തില്‍ കാന്താരി പ്രയോഗം നടത്തിയും ഈ മുറിയിലാണ്. വേദന കൊണ്ടു കുമാര്‍ മുറിക്കുള്ളില്‍ ഛര്‍ദിച്ചപ്പോള്‍, പൊലീസ് രോഷം തീര്‍ത്തതു തൊഴിയിലൂടെയായിരുന്നു. ഛര്‍ദിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും മര്‍ദനം തുടര്‍ന്നു. കുമാറിന്റെ തുടകളില്‍ പൊലീസുകാര്‍ കയറി നിന്നു ചവിട്ടിയതും ലാത്തി ഉപയോഗിച്ചു പൊതിരെ തല്ലിയതും ഇവിടെ വച്ചായിരുന്നു. അവശനായി കുഴഞ്ഞുവീണതോടെ കുമാറിനെ ഇടിമുറിയില്‍ നിന്നു മാറ്റി രണ്ടാം നിലയിലെ വിശ്രമമുറിയിലെത്തിച്ചു.

തിരുമ്മുകാരനെ വരുത്തി തിരുമ്മിച്ചു. ഇതിനു ശേഷവും മര്‍ദനം തുടര്‍ന്നു. ഇരുനില മന്ദിരമാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്. കുമാര്‍ കസ്റ്റഡിമരണക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിയും നെടുങ്കണ്ടം മുന്‍ എസ്‌ഐയുമായ കെ.എ.സാബുവിനെയും മറ്റും തെളിവെടുപ്പിനായി എത്തിച്ചതും ഇതേ മുറിയിലായിരുന്നു. ഏറെ നേരമാണു ക്രൈംബ്രാഞ്ച് സംഘം ഈ മുറിക്കുള്ളില്‍ ചെലവഴിച്ചത്. ഇവിടെയെത്തിച്ചിരുന്ന പ്രതികളെയെല്ലാം പോലീസ് മൂന്നാംമുറയ്ക്കു വിധേയമാക്കുന്നത് പതിവായിരുന്നെന്നാണ് പറയപ്പെടുന്നത്.

Related posts