ഇത് ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം ഇടിയുന്ന പാലമല്ലിത് ! പ്രളയത്തിലും ഉരുള്‍പൊട്ടലിലുമൊന്നും യാതൊരു കുലുക്കവുമില്ല; ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലം കാലത്തെ അതിജീവിച്ചതിങ്ങനെ…

ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം തകര്‍ന്നു വീഴുന്ന പാലങ്ങളുടെ ധാരാളം കഥകള്‍ കേരളത്തിനു പറയാനുണ്ടാകും. എന്നാല്‍ നെല്ലിയാമ്പതിയിലേക്ക് റോഡ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചപ്പോള്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തറക്കല്ലുകള്‍ക്കു ഇന്നും ഇളക്കമില്ല.

പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുണ്ടായപ്പോള്‍ മറ്റു ഭാഗങ്ങള്‍ തകര്‍ന്നപ്പോഴും ഉരുക്കുപോലെ നിന്നു ഈ കരിങ്കല്‍കെട്ട്. ഈ മാസം 15ന് ഉരുള്‍പൊട്ടലുണ്ടായ കുണ്ട്‌റുചോലയിലെ പാലം തകര്‍ന്ന് ഒഴുകിപ്പോയിരുന്നു. 2009ലും ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നിരുന്നു. 25 ഹെക്ടര്‍ വനപ്രദേശം ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ ഈ പാതയിലൂടെയാണു പോയത്.

അന്ന് ഒരാഴ്ചയെടുത്താണു താല്‍ക്കാലിക പാലം പണിതത്. മൂന്നു കോടിരൂപയുടെ നഷ്ടം വരുത്തിയ ദുരന്തത്തിനു ശേഷം 1.48 കോടി രൂപ മുടക്കിയാണു ഇവിടെ പുതിയ പാലം പണിതത്. പിന്നീട് കൂറ്റന്‍ പാറക്കഷണങ്ങള്‍ ഉരുണ്ടിറങ്ങി പാലത്തെ വലിച്ചുകൊണ്ടുപോയെങ്കിലും പണ്ടുകാലത്തെ കരിങ്കല്‍കെട്ട് ഇന്നും ഇവിടെത്തന്നെ നിന്നു. കരിങ്കല്ലുകള്‍ ചതുരക്കട്ടകളാക്കി കൃത്യമായി അടുക്കിയ നിലയിലാണു പണ്ടുള്ളവര്‍ കെട്ടിയിട്ടുള്ളത്.

പഴയകാലത്തു ചുണ്ണാമ്പും കരിപ്പെട്ടിയും (ശര്‍ക്കര) ചേര്‍ത്തുണ്ടാക്കിയ മിശ്രിതം പശയാക്കിയാണു കല്ലുകള്‍ കെട്ടിയതെന്നു സ്ഥലത്തുണ്ടായിരുന്ന വിദഗ്ധര്‍ പറഞ്ഞു. ആദ്യകാലത്ത് ഇവിടെ ഇരുമ്പുപാലമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് ഉരുള്‍പൊട്ടലുണ്ടായപ്പോഴാണു പുതിയ പാലവും റോഡും നിര്‍മിച്ചത്. 1937 ലാണ് നെല്ലിയാമ്പതിയില്‍ നിന്നു നെന്മാറയ്ക്കുള്ള പാത ഉണ്ടാക്കിയത്. ആദ്യകാലത്ത് ബ്രിട്ടിഷുകാരുടെ കുതിരകള്‍ക്കും കാളവണ്ടിക്കും സഞ്ചരിക്കാനുള്ള പാത മാത്രമാണുണ്ടായിരുന്നത്.

പിന്നീട് ഇതിന്റെ വീതി കൂട്ടുകയായിരുന്നു.റോഡ് ഉണ്ടാക്കുന്നതിനു മുന്‍പ് ഇവിടെനിന്നു കൊല്ലങ്കോട് പോകുവാന്‍ സീതാര്‍കുണ്ട് വഴി ഉണ്ടായിരുന്ന ഒരു കാല്‍നടപ്പാതയെയാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. അന്നു കാല്‍നടപ്പാത വഴിയായിരുന്നു എല്ലാ സാധനങ്ങളും തലച്ചുമടായി കൊണ്ടുവന്നിരുന്നത്.

നെന്മാറ-നെല്ലിയാമ്പതി റോഡ് വന്നതോടെയാണ് അവശ്യസാധനങ്ങള്‍ കാളവണ്ടിയില്‍ കടത്താന്‍ തുടങ്ങിയത്. ഇതിനായി ചെലവാക്കുന്ന തുക തോട്ടം ഉടമകള്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നു വസൂലാക്കിയിരുന്നത്രെ.

10 മാസം മഴയും ബാക്കി 2 മാസം മഴയില്ലാതെ അതിശൈത്യവും അനുഭവപ്പെട്ടിരുന്നതുകൊണ്ട് തോട്ടവിളകള്‍ക്ക് നല്ല വിളവ് ലഭിച്ചിരുന്നു. വാണ്‍ എന്ന ബ്രിട്ടിഷുകാരന്റെ നേതൃത്വത്തിലാണ് റോഡ് നിര്‍മാണവും ഓറഞ്ച് ഫാമും തുടങ്ങിയത്.

1946 ആയപ്പോഴേക്കും ബ്രിട്ടിഷുകാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കു കൈമാറ്റം ചെയ്തുകൊണ്ടിരുന്നു. 1951ലാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്. അന്ന് എന്‍എംഎസ് എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന ബസിന് കല്‍ക്കരിയായിരുന്നു ഇന്ധനം.

പിന്നീട് 1954 ല്‍ ആദ്യത്തെ ഡീസല്‍ബസ് ഗതാഗതം തുടങ്ങി. 1964 ല്‍ രണ്ടാമത്തെ ബസ് ‘ഗോമതി’ സര്‍വീസ് ആരംഭിച്ചു. 1967 ല്‍ തൃശൂര്‍-നെല്ലിയാമ്പതി, പാലക്കാട്-നെല്ലിയാമ്പതി എന്നീ റൂട്ടുകളില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിച്ചു.

നീളം കൂടിയ ബസ് ആയതിനാല്‍ ഇവ രണ്ടും ഒരു തവണ മാത്രമേ നെല്ലയാമ്പതിയിലേക്ക് സര്‍വീസ് നടത്തിയുള്ളൂ. കേരളത്തെ പിടിച്ചു കുലുക്കിയ ഇത്തവണത്തെ പ്രളയത്തിലും കുലുക്കമില്ലാതെ നിലനില്‍ക്കാന്‍ പാലത്തിനു തുണയായത് അന്നത്തെ ആ നിര്‍മാണത്തിന്റ വൈശിഷ്ട്യം തന്നെ.

Related posts