പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
