വീരപ്പന്റെ സഹോദരിയുടെ മകന്‍ കേരളത്തില്‍ കൂലിപ്പണിക്കാരന്‍ ! അമ്മാവന്റെ കട്ടഫാനായ മരുമകനെ കാണാന്‍ ജനങ്ങളുടെ ഒഴുക്ക്; തിരൂരുകാര്‍ക്കിടയില്‍ മോഹനനാണ് താരം…

ലുക്കില്‍ മാത്രമല്ല ഈ ചെറുപ്പക്കാരന് വീരപ്പനുമായി ബന്ധം. വീരപ്പന്‍ ഇയാളുടെ സ്വന്തം അമ്മാവനാണ്. വീരപ്പന്റെ മരുമകനായ മോഹനനാണ് ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍. വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ് മോഹനന്‍. അമ്മാവന്റെ കട്ട ഫാന്‍. മീശ മാത്രം മതി വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍. പോരാത്തതിന് വീരപ്പന്‍ മോഡല്‍ പാന്റും ഷര്‍ട്ടും. വീരപ്പന് പ്രിയം െചരുപ്പായിരുന്നു എങ്കില്‍ മോഹനന് താല്‍പ്പര്യം ഷൂസാണ്. തോളില്‍ തിരകളും കൈയ്യില്‍ വീരപ്പന്റെ ട്രേഡ് മാര്‍ക്ക് തോക്കും ഇല്ലെന്നേയുള്ളൂ. പകരം കൈയില്‍ മണ്‍വെട്ടിയുണ്ട്. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍.

ചന്ദനക്കടത്തിനോ ആളെ തട്ടിക്കൊണ്ടു പോകുന്നതിനോ ഒന്നുമല്ല മോഹനന്‍ തിരൂരെത്തിയിരിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ് മോഹനന്‍ സൂപ്പര്‍താരമായി മാറിയത്. കേരളത്തില്‍ എത്തപ്പെട്ടതിനെക്കുറിച്ച് മോഹനന്‍ പറയുന്നതിങ്ങനെ…

”2014-ലാണ് കേരളത്തിലേക്ക് ആദ്യമായി വന്നത്. ഇവിടെ പൊകലക്കാര്‍ എന്ന പേരില്‍ ഒരു കുടുംബമുണ്ട്. അവര്‍ പൊകല വാങ്ങാനായി സേലം, എടപ്പാടി എന്നിവിടങ്ങേളിലേക്ക് വരിക പതിവായിരുന്നു. അന്ന് സേലത്തേക്ക് വന്ന അവര്‍ എന്റെ അച്ഛനെ കണ്ട് വിശ്വസ്തനായ ഒരു പണിക്കാരനെ വേണമെന്ന് ആവശ്യപ്പെട്ടു.

ഞങ്ങളുടെ നാട്ടില്‍ മഴ കുറവായിരുന്നു. അതുകൊണ്ട് തന്നെ കൃഷിപ്പണി കമ്മിയും. അച്ഛന്‍ പറഞ്ഞു അവരുടെ കൂടെ പോകാന്‍, അങ്ങനെയാണ് തിരൂരിലെത്തിയത്. പിന്നീട് ഇവിടെ (അദ്നാനിന്റെ വീട്ടില്‍) എത്തി. അടുത്തുള്ള ചില വീടുകളിലും പണിക്കു പോകും. ഇവിടെ തന്നെ നല്ല നിമ്മിതി, അതുകൊണ്ട് സന്തോഷത്തോടെ ഇവിടെ ജോലിചെയ്ത് ജീവിക്കുന്നു. ഈ വീട്ടുകാര്‍ക്ക് ഞാന്‍ ഇവിടുത്തെ ആളാണ്.”, മോഹനന്‍ പറഞ്ഞു. സ്‌കൂള്‍ പൂട്ടുമ്പോള്‍ ഭാര്യയും കുട്ടികളും ഇവിടെ വന്ന് കുറച്ച് നാള്‍ തങ്ങിയ ശേഷം തിരിച്ചുപോകും. ഇടയ്ക്ക് നാട്ടിലേക്കും പോകും.’ തിരൂരിനോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന വാക്കുകള്‍…

പുതിയങ്ങാടി കോട്ടത്തറയിലെ അദ്നാന്‍ മാന്‍ഡ്രിസ് ഒരു കൂട്ടുകാരന്‍ വഴിയാണ് മോഹനനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അദ്നാന്റെ വീട്ടുവളപ്പില്‍ ജോലിക്കാരനായി, വീട്ടുകാര്‍ക്ക് വിശ്വസ്തനും പ്രിയങ്കരനുമായി. മോഹനന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അദ്‌നാന്റെ ഉമ്മ.

”പുലര്‍ച്ചെ ആറ് മണിക്ക് പറമ്പില്‍ പണിക്ക് ഇറങ്ങിയാല്‍ പണി കഴിഞ്ഞേ പറമ്പില്‍ നിന്നും കയറൂ. നല്ല ആത്മാര്‍ത്ഥതയോടെ പണികള്‍ ചെയ്യും. ഇടയ്ക്ക് ഇടവേള കിട്ടിയാല്‍ അമ്മാവന്റെ പോരിശ (വീരകഥകള്‍) പറയും. എല്ലാവവര്‍ക്കും മോഹനനെ വിശ്വാസമാണ്. പൊകലക്കാരുടെ വീട്ടിന്റെ അടുത്താണ് താമസം. ഒരു ദിവസം ഇങ്ങോട്ടേയ്ക്ക് കണ്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പൊകലക്കാരുടെ വീട്ടില്‍ ആരുമില്ല. അതുകൊണ്ട് വീട് നോക്കാന്‍ അവനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന്. അത്രയ്ക്ക് വിശ്വാസമാണവനെ”.

എന്നാല്‍ പെട്ടെന്നു കിട്ടിയ പ്രശസ്തി മോഹനന് പണിയായി എന്നു പറഞ്ഞാല്‍ മതിയല്ലോ… പത്രക്കാരും ടിവിക്കാരുമെല്ലാം മോഹനനെ സെലിബ്രിറ്റി ആക്കിയതോടെ പോലീസ് മോഹനനെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.അദ്നാനും മോഹനനും പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് ഐഡി കാര്‍ഡ് കാണിച്ചപ്പോഴാണ് വിട്ടയച്ചത്.

അമ്മാവന്‍ വീരപ്പനെപ്പറ്റി പറയാനും നൂറു നാവാണ്. ”അവര്‍ എന്റെ അമ്മയുടെ സഹോദരനാണ്. 31 വര്‍ഷം, സത്യമംഗലം കാട് വാണിട്ടും ഒന്നും സ്വന്തമായി സമ്പാദിച്ചിട്ടില്ലായിരുന്നു’- മോഹനന്‍ പറയുന്നു. തന്റെ 17-ാമത്തെ വയസിലാണ് മോഹനന്‍ വീരപ്പനെ ആദ്യമായി കണ്ടത്. അന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അവസാനമായി കാണുന്നത് 2004 ല്‍ വെടിവെച്ച് കൊല്ലപ്പെട്ട ശേഷം ബോഡി ധര്‍മ്മപുരിയില്‍ പോസറ്റ്മോര്‍ട്ടം ചെയ്യാന്‍ കൊണ്ട് വന്നപ്പോഴാണ്.

”കൊളത്തൂരിനടുത്ത് മൂളക്കാടെന്ന ചെറിയ ഗ്രാമമാണ് മോഹനനന്റെ നാട്. അവിടെ ആട് മേച്ചും കൃഷി ചെയ്തും വീരപ്പന്റെ കൂടുംബം ജീവിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും ഗ്രാമത്തില്‍ ഒരേയിടത്തിലാണ് ജീവിക്കുന്നത്. അമ്മാവന്റെ മൂത്ത മകള്‍ പത്മ റാണി പ്രണയ വിവാഹം കഴിച്ച് പോയി. കോളേജില്‍ ഒരുമിച്ച് പഠിച്ച ഒരുപയ്യനുമായി അവര്‍ രജിസ്റ്റര്‍ മാരേജ് ചെയ്തു. അക്കാരണത്താല്‍ തന്നെ അവരുമായി ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് അത്ര നല്ല ബന്ധം അല്ല. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും ഇളയ മകള്‍ പ്രഭാവതിയും ഒരുമിച്ചുണ്ട്.

പ്രഭയുടെ കോളേജ് പഠനം ഈ മാസം അവസാനിക്കും. കൂടുംബത്തില്‍ ഒരു പയ്യന് കല്യാണം കഴിച്ച് കൊടുക്കും. ഇപ്പോള്‍ പോലീസില്‍ നിന്ന് ഒരു വിധം പ്രശ്നവും കുടുംബത്തിനില്ല. പണിയെടുത്താണ് അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നത്. മോഹനന്‍ ആ കപ്പടാമീശ പിരിക്കുന്നതു കാണുമ്പോള്‍ പലരുടെയും മനസില്‍ ഓടിയെത്തുന്നത് ഒരു കാലത്ത് പലരുടെയും പേടിസ്വപ്‌നമായിരുന്ന സാക്ഷാല്‍ വീരപ്പനെത്തന്നെയാണ്.

Related posts