റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് ‘ആനിക്കാട് ബ്രദേഴ്‌സ്’ ! സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്…

സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ സ്രാവുകള്‍ കുടുങ്ങുമെന്നുറപ്പായി. ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്‌സ്’ എന്നറിയപ്പെടുന്ന രണ്ടു പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.

മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.

ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചത് ആനിക്കാട് ബ്രദേഴ്‌സാണെന്നാണ് വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ എട്ടു പേരാണ് മുമ്പ് അറസ്റ്റിലായത്.

അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്‌സ് റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിക്കുകയായിരുന്നു. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് റബിന്‍സും ജലാലും വമ്പന്‍ സ്വത്തിന്റെ അധിപതികളായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

2015ലെ നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങി കേരളത്തില്‍ സജീവമായപ്പോള്‍, ജലാലിന്റെയും റബിന്‍സിന്റെയും ‘ആനിക്കാട് ബ്രദേഴ്‌സി’ന്റെയും നിയന്ത്രണത്തിലായി ഗള്‍ഫിലെ സ്വര്‍ണക്കടത്ത്.

Related posts

Leave a Comment