രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും ! രക്തത്തിലേക്കു പുതിയ നിപകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും;നിപ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന വഴികള്‍ ഇങ്ങനെ…

കേരളം വീണ്ടും നിപാ ഭീതിയിലാഴ്ന്നിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയ്ക്കാണ് നിപ ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്നത്. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം പുറത്തു വരും ഇതിനു ശേഷം മാത്രമേ ഇയാള്‍ക്ക് നിപ ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും നിപ സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിനു സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിപ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നല്‍കുന്ന കുറഞ്ഞ പിഎച്ച് കാരണം മൂന്നു ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും. ഈ പഴം ഒരാള്‍ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന്‍ ബി-ടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും.

രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തില്‍ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടര്‍ന്നു രക്തത്തിലൂടെ യാത്രചെയ്തു നിപകള്‍ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിന്‍ ബി-ടുവില്‍ കടന്നു മസ്തിഷ്‌കജ്വരം വരുത്തും. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള നിപ വൈറസ് ബാധയില്‍ നിന്നു രക്ഷനേടാന്‍ സോപ്പിന്റെ ഉപയോഗത്തിലൂടെ കഴിയും

സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തില്‍ വൈറസ് നിര്‍ജീവമാകും. 22-39 ഡിഗ്രി സെല്‍ഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈര്‍പ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോള്‍ മൂക്ക്, വായ എന്നിവ മറച്ചു മാസ്‌ക് ധരിക്കുക. കൈകളില്‍ ഗ്ലൗസ് ധരിക്കാം. രോഗിയെ പരിചരിച്ചവര്‍ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും നിപയെ ഒഴിവാക്കും.

കൊറോണ വൈറസുകളെപ്പോലെ നിപ വായുവിലൂടെ പകരുമെന്ന ധാരണ തെറ്റാണ്. രോഗി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ പുറത്തു വരുന്ന ഉമിനീരും ജലകണങ്ങളും മറ്റും വായുവിലൂടെ അടുത്ത് നില്‍ക്കുന്ന ആളില്‍ എത്തും. അങ്ങനെയുണ്ടാകുന്ന ഡ്രോപ്‌ലെറ്റ് ബോണ്‍ അണുബാധ (Droplet borne infection) മാത്രമാണു നിപയിലുള്ളത്. അതുകൊണ്ടുതന്നെ രോഗിയുമായി അടുപ്പമുണ്ടാകാതെ അധികദൂരം കാറ്റിലൂടെ സഞ്ചരിച്ചെത്തില്ല. ആര്‍എന്‍എ വൈറസുകള്‍ക്ക് അന്തരീക്ഷത്തില്‍ ആയുസ്സു കുറവുമാണ്.

Related posts