ജീവനും ജീവിതവുമെല്ലാം പാര്‍ട്ടിയ്ക്കുവേണ്ടി സമര്‍പ്പിച്ച് ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള കുറേപ്പേര്‍ ഇവിടെയുണ്ട്! അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മകള്‍ക്കുള്ള യുവ കോണ്‍ഗ്രസ് നേതാവിന്റെ കത്ത് ശ്രദ്ധേയമാവുന്നു

വയനാട് സീറ്റില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ തയാറെടുക്കുകയാണ്, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മകള്‍ എന്നാണ് അവരുടെ തന്നെ വാക്കുകളും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമെല്ലാം സൂചിപ്പിക്കുന്നത്. പക്ഷേ അമീന ഷാനവാസ് മത്സര രംഗത്തേയ്ക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തയെ അത്ര നല്ല രീതിയിലല്ല സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കാണുന്നതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഷാനവാസിന്റെ മകള്‍ക്ക് ഇതു സംബന്ധിച്ച് ഒരു തുറന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി.

വര്‍ഷങ്ങളായി പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, സമയവും, പഠനവും ,ജീവിതവും, സമ്പത്തുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി തുലച്ചു കളഞ്ഞ, ഒരുപാട് അര്‍ഹര്‍ ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവരിലൊരാളെ, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് നിയാസിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നിയാസ് ആവശ്യം ഉന്നയിച്ചത്. മാത്രമല്ല തന്നെയും പാര്‍ട്ടി പരിഗണിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പരിതപിക്കുന്നുണ്ട്. താന്‍, സത്യസന്ധത കൊണ്ടും, പ്രവര്‍ത്തനം കൊണ്ടും മിടുക്കു തെളിയിച്ചിട്ടും എ. കെ. ആന്റണിക്ക് പോലും കണ്ണ് തുറക്കാന്‍ കഴിഞ്ഞില്ല.

നിങ്ങളെ പോലുള്ള നേതാക്കളുടെ മക്കള്‍ ഒരു പ്രവര്‍ത്തനവും നടത്താതെ നേരിട്ട് വന്ന് നിയമ സഭയിലും പാര്‍ലമെന്റിലും മത്സരിക്കാന്‍ ഇറങ്ങിയാല്‍ അതും നാം സഹിക്കണം എന്ന് കരുതരുത്. പല നേതാക്കള്‍ക്കും താന്‍ പറയുന്നത്, ഇഷ്ടപ്പെടില്ലായിരിക്കും, എന്നാല്‍, അതെനിക്ക് പ്രശ്നമില്ലെന്നും നിയാസ് വ്യക്തമാക്കുന്നു.

നിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷ്യത്വ ദിനമാണിന്ന്. ആ ജീവ ത്യാഗത്തിനു മുന്‍പില്‍ ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

പ്രിയപ്പെട്ട നേതാവ് ശ്രീ .എം. ഐ. ഷാനവാസിന് ആദരാജ്ഞലികള്‍

പ്രിയപ്പെട്ട ആമിന ഷാനവാസ്,

താങ്കള്‍ക്ക് സ്വാഗതം. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ രാജ്യത്ത്, ഏതൊരു പൗരനും ഉള്ള പോലെ താങ്കള്‍ക്കും ഉണ്ട്. പക്ഷെ ചില വിയോജിപ്പുകള്‍ കേരളത്തിലെ യുവജന സംഘടനാ പ്രവര്‍ത്തകരും ,പൊതുജനവും ചര്‍ച്ച ചെയുമ്പോള്‍ ചില അഭിപ്രായങ്ങള്‍ അറിയിക്കുന്നു.

ഞാന്‍ വളരെ കുട്ടിക്കാലത്തെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കെ എസ് യു വിലൂടെ രാഷ്ട്രീയ ത്തിലേക്ക് കടന്നു വന്ന ഒരാളാണ് .അതിനു മുന്‍പ് തന്നെ ചേട്ടന്മാരോടൊപ്പം ചുവരെഴുതാനും പോസ്റ്റര്‍ ഒട്ടിക്കാനും പോയ്യി കോണ്‍ഗ്രസ് പ്രവര്‍ത്തനവും തുടങ്ങിയിരുന്നു .സ്‌കൂളില്‍ എസ് എഫ് ഐയോട് പൊരുതി ക്ലാസ് ലീഡറാകാറുകയും ,പലപ്പോഴും എസ എഫ് ഐക്കാരുടെ തല്ലു വാങ്ങിയുമൊക്കെയാണ് സ്‌കൂള്‍ കാലഘട്ടം, കഴിഞ്ഞത് .

കോളേജ് കാലഘട്ടത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആയതിനാല്‍ സമയത്തു ക്ലാസ്സില്‍ കയറാനോ പ്രാക്ടിക്കല്‍ ചെയ്യാനോ ഒക്കെ കഴിയാത്ത അവസ്ഥയില്‍ അവസാനം ഗ്രൂപ്പ് മാറി പരീക്ഷ എഴുതേണ്ടി വന്നു . വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടെ അകാരണമായി പോലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തു .അന്ന് സഹിച്ച മനോവേദനയും ആക്ഷേപവും ഇന്നും മറക്കാനാകില്ല .ഒരു സ്‌കൂള്‍ അധ്യാപകനായ വാപ്പ അന്ന് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു വന്നത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് .

അതിനു ശേഷം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സാധാ പ്രവര്‍ത്തകന്‍ ആയി മാറി പദവികളില്‍ നിന്ന് അകലം പാലിച്ചും മുന്നോട്ടു പോകുമ്പോഴും നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആയിരുന്നു .ആ കാലത്തു തന്ന്‌നെ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ഇടതുപക്ഷത്ത് നിന്ന് സീറ്റ് പിടിച്ചെടുത്തു പഞ്ചായത് കോണ്‍ഗ്രസില്‍ എത്തിക്കാന്‍ സഹായമാകുവാനും കഴിഞ്ഞിട്ടുണ്ട് .

തിരുവനതപുരം ലോ കോളേജില്‍ പഠിക്കുവാന്‍ പോയത് തന്നെ കെ എസ യുവില്‍ പ്രവര്‍ത്തിക്കുവാനും നേതാവ് ആകാനുമാണ് .തല്ലും മുഷ്‌കുമായി എസ് എഫ് എഫ് വാണിരുന്ന കോളേജില്‍ പഠനം ഉഴപ്പിയും ഒക്കെ പഠനം പൂര്‍ത്തിയാക്കി. മറ്റു സഹ പ്രവര്‍ത്തകരോടൊപ്പം ശക്തമായി പ്രതിരോധിച്ചും തല്ലു വാങ്ങിയും കെ എസ് യു വിന്റെ നേത്രത്വത്തില്‍ യുണിയന്‍ പിടിക്കുകയും ഒക്കെ ചെയ്താണ് കോളേജ് വിട്ടത് .

കോളേജില്‍ ചെയര്മാന് ആയി വര്ഷങ്ങള്ക്കു ശേഷം ഞാന്‍ വിജയിച്ചത് അന്ന് എന്റെ സഹപ്രവര്‍ത്തകരായിരുന്ന മാത്യു കുഴല്‍നാടനും ,എം. ലിജുവും ,വിഷ്ണുനാഥും ,അരുണ്‍രാജ്ഉം അങ്ങനെ പേരെടുത്തു പറയേണ്ട ഒരുപാടു കെ എസ യുക്കാരുടെ അധ്വാനം ആയിരുന്നു .പലപ്പോഴും സെക്രെട്ടറിയേറ്റിനു മുന്‍പില്‍ നിന്ന് തല്ലും കിട്ടിയിട്ടുണ്ട് .

പല കേസുകളിലും പെട്ടിട്ടുണ്ട് .ഇന്നും ജാമ്യത്തില്‍ നില്‍ക്കുന്ന കേസുകളും ഉണ്ട് .മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചാല്‍ നേതാവാകാം എന്ന് കരുതി കെ എസ യുവിന് വേണ്ടി പല തിരഞ്ഞെടുപ്പിലും കെ എസ് യു കല ജാഥാ സംഘടിപ്പിച്ചിട്ടുണ്ട് .അതിനു ഉമ്മന്‍ചാണ്ടി സാറും എം എം ഹസ്സനും ,കൊടിക്കുന്നില്‍ സുരേഷും ,പത്മജ വേണുഗോപാലുമൊക്കെ സഹായിച്ചിട്ടുണ്ട് .

കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാനായി 2002 ല്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഇല്ലാത്ത രീതിയില്‍ കെ എസ് യു വിനു വേണ്ടി വിദ്യാഭ്യാസ വിവര വെബ്‌സൈറ്റ് ആരംഭിക്കുകയും അത് അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്റണി ഉല്‍ഘാടനം ചെയുകയും ചെയ്തു .പക്ഷെ കെ എസ യു വില ഒരു ഭാരവാഹി ആകാന്‍ അതൊന്നും പോരായിരുന്നു .സത്യസന്ധത കൊണ്ടും ,പ്രവര്‍ത്തനം കൊണ്ടും മിടുക്കു തെളിയിച്ചിട്ടും എ. കെ ആന്റണിക്ക് പോലും കണ്ണ് തുറക്കാന്‍ കഴിഞ്ഞില്ല .

കെ എസ് യു പുനഃസംഘടന ആവശ്യപ്പെട്ടു സമീപിച്ച എന്നോടും മാത്യു കുഴല്‍നാടനോടും നിങ്ങളുടെ കോളേജില്‍ വിജയിച്ചു കാണിക്കൂ എന്നാവശ്യപ്പെട്ടതു ശ്രീ.എ.കെ ആന്റണി ആയിരുന്നു . അവസാന വര്ഷം വിജയിച്ചു കാണിച്ചതുമാണ് .എന്നിട്ടും അര്‍ഹമായ പദവികളില്‍ നിന്ന് ഒഴിവാക്കാക്കപെട്ടപ്പോള്‍ ഒരിക്കല്‍ പോലും ഒരു സഹായവും അദ്ദേഹം ചെയ്തു തന്നില്ല .

തുടര്‍ന്ന് ഒറ്റപെട്ടലില്‍ അപമാനം സഹിക്കാനാകാതെ ഡല്‍ഹിയില്‍ ഇന്ത്യന്‍ ലോ ഇന്‌സ്ടിട്യൂട്ടില്‍ സൈബര്‍ ലോ പഠിക്കാന്‍ പോകുകയും അവിടെ നിന്ന് എന്‍ എസ് യു വിലൂടെ സജീവമാകുകയും ചെയ്തു .എന്നിട്ടും അര്‍ഹമായത് അകലെ തന്നെ ആയിരുന്നു ..2002 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ബി ജെ പിയുടെ ഇന്ത്യ തിളങ്ങുന്നു പ്രചാരണം പൊളിക്കാന്‍ സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖുര്‍ഷിദിന് കീഴില്‍ ആരംഭിച്ച പ്രാക്ടീസ് ഉപേക്ഷിച്ചു എ ഐ സി ഐയ്ക്ക് വേണ്ടി ഇലക്ട്രോണിക് ക്യാമ്പയിന്‍ നടത്താനും കഴിഞ്ഞു .

വളരെ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആ പ്രോഗ്രാമിന് ശേഷം അര്‍ഹമായതിലേയ്ക് പരിഗണിച്ചപ്പോള്‍ സാമ്പത്തികം കൈയിലുള്ള ചിലര്‍ ഇറങ്ങി അതും തട്ടി തെറിപ്പിക്കുക ആയിരുന്നു .അവസാനം രാഷ്ട്രീയം ഉപേക്ഷിച്ചു കേരള ഹൈ കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും നിങ്ങളുടെ എറണാകുളത്തുള്ള കെട്ടിടത്തിലെ ഒരു മുറിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം കഴിയുമ്പോള്‍ ആണ് വൈക് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി ആക്കുന്നത് .

അതും വെട്ടിനിരത്താന്‍ പലരും ഇറങ്ങി .അത് നിലനിര്‍ത്താന്‍ സഹിച്ച യാതനകള്‍ പറഞ്ഞറിയിക്കാന്‍ ആകാത്തതാണ് .പിന്നീട് ഗ്രൂപ്പില്ലാത്തതു കൊണ്ട് ഒതുക്കലുകളുംഅവഗണനയും ആയിരുന്നു .സംസ്ഥാന കമ്മിറ്റിക്ക് പോകവേ വാഹനാപകടത്തില്‍ പെട്ട് പ്രിയ സുഹൃത്ത് ആലുവ സ്വദേശിയും സഹ ഭാരവാഹിയുമായ മുഹമ്മ്ദ് ഷിയാസിനു ഒപ്പം കാലൊടിഞ്ഞു കിടപ്പിലായ എനിക്ക് ആ പരിഗണന പോലും തന്നില്ല .പാര്‍ട്ടിയെ സംഘടിപ്പിക്കാന്‍ അഭിഭാഷവൃത്തി ഉപേക്ഷിച്ചു ഇറങ്ങിയ എനിക്ക് അവസാനം മറ്റുള്ളവര്‍ എന്റെ പ്രദേശത്തു വന്നു മത്സരിക്കുന്നത് കണ്ടു അന്തിച്ചു നില്‍ക്കേണ്ടി വന്നു .

നിയമന നിരോധനം ഏര്‍പെടുത്തിയതിനെതിരെ സെക്രെട്ടറിന്റെ മാര്‍ച്ചിനിടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ലിജുവിനൊപ്പം വൈസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്ന ഞാനും ,സഹ പ്രവര്‍ത്തകര്‍ ആയ രാജേഷും ,മഹേഷും ,ഒന്നുമാകാതെ പോയ നിരവധി പ്രവര്‍ത്തകരും പോലീസിന്റെ തല്ലു വാങ്ങി ജയിലിലും ആശുപത്രിയിലും കിടക്കുകയും ഇന്നും ആ കേസ് കോടതിയില്‍ നടക്കുകയുമാണ് . യൂത്ത് കോണ്‍ഗ്രസിലെ മികച്ച പെര്‍ഫോമന്‍സ് കണക്കിലെടുത്തു രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് സ്‌കാനില്‍ മികച്ച പ്രകടനം നടത്തുകയും ,അവസാന റൗണ്ടില്‍ ആരോ എന്റെ പ്രായം കൂട്ടി വെച്ച് സഹായിച്ചു തരികയും ചെയ്തു .

2010 ല്‍ കാലാവധി ബാക്കിയുണ്ടായിരുന്ന കമ്മിറ്റിയെ പെരുവഴി ആക്കിയിട്ടു പാര്‍ട്ടിക്ക് വേണ്ടി കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്തു മുതിര്‍ന്ന പ്രവര്‍ത്തകരെ ഇരുത്തേണ്ടുന്ന കെ പി സി സി എക്‌സിക്യൂട്ടീവില്‍ ഇരുത്തി നമ്മളെയൊക്കെ ഒന്നിനും കൊള്ളാത്തവര്‍ ആക്കി .ഇപ്പോഴും പണിയെടുക്കാന്‍ കഴിയുന്ന ഒരു ഉത്തരവാദിത്വം അകലെ ആണ് .മറ്റു പലരും തലയ്ക്കു മുകളില്‍ കൂടി വരുമ്പോഴും അച്ചടക്കം പാലിക്കേണ്ടവര്‍ ആണ് നാം .

ഇടയ്ക്കു ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോള്‍ പ്രതിക്ഷേധിച് രാജി വെച്ച് പുറത്തു പോകേണ്ടി വന്നിട്ടുമുണ്ട് .അന്ന് തിരിച്ചു വന്നത് എന്നെ ഒരിക്കലും സഹായിച്ചില്ലെങ്കിലും നന്നായി അറിയുന്ന പ്രിയ നേതാവ് ശ്രീ. എ .കെ ആന്റണിയുടെ പ്രേരണ കൊണ്ട് മാത്രമാണ് നാടിനു വേണ്ടി നല്ലൊരു നേതാവാകണം എന്ന ചിന്തയില്‍ പഠനവും ,തൊഴിലും ,കുടുംബവും ഒന്നും പ്രശനം അല്ല എന്ന ചിന്തയില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി ആയിരങ്ങള്‍ ഈ പാര്‍ട്ടിയില്‍ നടക്കുമ്പോള്‍ ,അര്‍ഹിക്കുന്നത് കിട്ടാതെ, പഠനം പൂര്‍ത്തിയാക്കാതെ ,തല്ലും, കുത്തും കിട്ടി ജീവിതം തകര്‍ന്നവര്‍, കേസില്‍ ഇപ്പോഴും കുരുങ്ങി കിടക്കുന്നവര്‍ ,സാമ്പത്തികമായി തകര്‍ന്നവര്‍ നിങ്ങളെ പോലുള്ള നേതാക്കളുടെ മക്കള്‍ മേല്പറഞ്ഞ ഒരു പ്രവര്‍ത്തനവും നടത്താതെ നേരിട്ട് വന്നു നിയമ സഭയിലും പാര്‍ലമെന്റിലും മത്സരിക്കാന്‍ ഇറങ്ങിയാല്‍ അതും നാം സഹിക്കണം എന്നാണോ?

കഴിഞ്ഞ ദിവസങ്ങളില്‍ താങ്കളുടെ പല പ്രതികരണങ്ങളും കണ്ടു അതുകൊണ്ടാണ് ഇതെഴുതാമെന്നു കരുതിയത് .പല നേതാക്കള്‍ക്കും ചിലപ്പോള്‍ ഇത് ഇഷ്ടപ്പെട്ടു എന്ന് വരില്ല .അത് സാരമില്ല . പദവികള്‍ക്കു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ വരുന്നതു .പദവികള്‍ ആസ്വദിക്കാനല്ല ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരെ സഹായിക്കാനുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .

താങ്കളുടെ വാപ്പയുമായി നല്ല ആത്മ ബന്ധം പുലര്‍ത്തുകയും .പലപ്പോഴും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന കിട്ടാത്തപ്പോള്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന തോതില്‍പിന്തുണച്ചിട്ടിട്ടുണ്ട് .മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും അതിനെതിരെ ലീഡറോട് പോലും പ്രതിക്ഷേധിക്കുകയും ചെയ്ത ശ്രീ. എം. ഐ ഷാനവാസിനോട് . കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ആദരവും സ്‌നേഹം ഉണ്ട്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ നിങ്ങളുടെ കുടുംബം വേദനിക്കുന്ന പോലെ കേരളത്തിലെ ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വേദനിക്കുന്നു .

പ്രിയ സഹോദരി ,ഞാന്‍ വയനാട് സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവന്‍ അല്ല .അതിനു അര്‍ഹതയുള്ള ഒട്ടനവധി ത്യാഗം സഹിച്ച നേതാക്കള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവനാണ് .ആരെങ്കിലും നിങ്ങളെ വയനാട് സീറ്റ് മോഹിപ്പിച്ചു സമീപിച്ചെങ്കില്‍ ഒന്ന് അറിയുക അത് നിങ്ങളെ നന്നാക്കാനല്ല അര്‍ഹതയുള്ള മറ്റാരെയോ ഒഴിവാക്കാന്‍ ആണ് .മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുത്ത എം ഐ ഷാനവാസിന്റെ മകള്‍ ഒരിക്കലും ഡയറക്റ്റ് ആയി വയനാട്ടില്‍ വന്നിറങ്ങുന്നതു അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യുവജനപ്രവര്‍ത്തകര്‍ക്കും കഴിയില്ലെന്നുള്ള സത്യം മനസിലാക്കണം .

കരള്‍ പകുത്തു നല്‍കിയ ത്യാഗമൊക്കെ നമ്മള്‍ ആരാധനയോടും സ്‌നേഹപൂര്‍വുമാണ് കാണുന്നത് .അതൊക്കെ ഇല്ലാതാക്കി ഒരു സീറ്റിനു വേണ്ടി കടിപിടി കൂടുന്ന ഒരാളായി തിരുത്തല്‍ വാദിയായ നേതാവിന്റെ മകള്‍ ചുരുങ്ങരുത് .ഇതൊക്കെ ആ നേതാവിനോടുള്ള ആദരവും സ്‌നേഹവും കൊണ്ട് പറയുന്നതാണ് .

രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ നേരെ എം പി ആകേണ്ടതില്ല .കോണ്‍ഗ്രസിന്റെ എത്രയോ വിഭാഗങ്ങള്‍ ഉണ്ട് .അവിടെ കുറെ നാള്‍ പ്രവര്‍ത്തിക്കാം .കഴിവ് തെളിയിക്കാം .വാപ്പയ്ക് അവസാനം അര്‍ഹത തേടിയെത്തിയത് പോലെ നിങ്ങള്‍ക്കും അര്ഹമായതു തേടി വരും .അതുവരെ കാത്തിരുന്ന് കൂടെ .താങ്കളുടെ വാപ്പയ്ക് വയനാട് സീറ്റ് നല്‍കിയത് പോലും മറ്റു പല അര്‍ഹരെയും മാറ്റി നിര്‍ത്തി താങ്കളുടെ വാപ്പ പാര്‍ട്ടിക്കു ചെയ്ത സേവനം കണക്കിലെടുത്തു ഒരംഗീകാരം എന്ന നിലയില്‍ ആണ് എന്നത് കൂടി ഓര്‍മയില്‍ ഉണ്ടാകണം.

നിങ്ങളോടുള്ള വിരോധം കൊണ്ടല്ല .ഇത്രയും എഴുതിയത് .നിങ്ങളുടെ വാപ്പയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ട് .നിങ്ങള്‍ നല്‍കിയ ത്യാഗത്തെ ബഹുമാനിച്ചു കൊണ്ട് …..വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും ,സമയവും ,പഠനവും ,ജീവിതവും ,സമ്പത്തുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി തുലച്ചു കളഞ്ഞ ഒരുപാടു അര്‍ഹര്‍ ഈ പാര്‍ട്ടിയിലുണ്ട് .അവരില്‍ ഒരാളെ വയനാട് സീറ്റിലേക്ക്‌കൊണ്ട് വരികയും താങ്കളും കൂടി ചേര്‍ന്ന് അവരെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം എന്ന് അപേക്ഷിച്ചു കൊണ്ട് നിര്ത്തുന്നു

സ്‌നേഹ ബഹുമാനങ്ങളോടെ
നിയാസ് ഭാരതി
മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

Related posts