ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ സിനിമ സംഘടനകളൊന്നും സഹായിച്ചില്ല, നസീര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്; വീട്ടിലിരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ കിടക്കുന്നതും എടുത്തോളൂവെന്ന് നസീര്‍, വെളിപ്പെടുത്തലുമായി മകന്‍

നടന്‍ ജയന്റെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് ഇന്നും തീരാവേദനയാണ്. മലയാള സിനിമയിലെ സൂപ്പര്‍നായകന്റെ വേര്‍പാടിനുശേഷം ആ മരണം മലയാളികള്‍ ഇന്നും ചര്‍ച്ചചെയ്യുന്നു. ജയന്റെ മരണശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടിയതിനെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ്.

ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ ആരും തയ്യാറായില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറയുന്നു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്.

‘ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതു കൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദറിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. അന്ന് തമിഴ്നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു.

ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ യാതൊരു നടപടിയും എടുത്തില്ല. അവര്‍ പണം മുടക്കാന്‍ തയ്യാറായില്ല. ഞാനത് ഫാദറിനോട് വിളിച്ചു പറഞ്ഞു. അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എനിക്ക് ജയനെ ഇവിടെ കാണണം. എത്ര പണമായാലും വേണ്ടില്ല ജയന്റെ ബോഡി നാട്ടില്‍ എത്തിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.’ ഷാനവാസ് പറഞ്ഞു.

Related posts