‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ? കഞ്ഞി ട്രോളുകളെപ്പറ്റി ഒടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന് പറയാനുള്ളത്…

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളിയുടെ ചര്‍ച്ചാവിഷയം. വന്‍പ്രതീക്ഷകളോടെ തീയ്യറ്ററില്‍ എത്തിയ തങ്ങളെ ഒടിയന്‍ നിരാശരാക്കിയെന്നാണ് ചിലര്‍ പറയുന്നത്. എന്നിരുന്നാലും ചിത്രത്തിന് നല്ല തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഡയലോഗുകളും ചിലര്‍ എടുത്തിട്ട് അലക്കുന്നുണ്ട്.

ട്രോളുകള്‍ക്ക് ചാകരയായി എത്തിയത് ‘ഒടിയനി’ലെ ‘കഞ്ഞി’ ഡയലോഗ് ആയിരുന്നു. ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നത്.മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.

ഇപ്പോള്‍ ഈ ഡയലോഗിന്റെ പ്രസക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു മുമ്പിലാണ് ഹരികൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.’ആ ഡയലോഗ് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവിമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള്‍ തിരിച്ചു പറയാറുണ്ട്. ‘ഞാനൊരു സിഗരറ്റ് വലിക്കട്ടെ’, ‘ഞാനൊരു ചായകുടിക്കട്ടെ’ എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള്‍ സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്,” ഹരികൃഷ്ണന്‍ വ്യക്തമാക്കി.എന്നാല്‍ എങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുന്നതാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഃഖകരമായ അവസ്ഥ എന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

”ആദ്യത്തെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ ആളാണ് ഞാന്‍. ഒരു തിരക്കഥയില്‍ ഒരു സംഭാഷണം ഉള്‍ക്കൊള്ളിക്കുമ്പോള്‍ അത് എന്തിന് വേണ്ടിയാണെന്ന ധാരണ നന്നായിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടും ഉറക്കമൊഴിച്ചും ഇരുന്നെഴുതിയ തിരക്കഥയാണിത്,” ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് ഈ സംഭാഷണം വരുന്നത് എന്നും സിനിമയില്‍ തന്നെ ഏറെ പ്രധാന്യമുള്ള ആ സന്ദര്‍ഭത്തിലേക്ക് തിരക്കഥയെ ലീഡ് ചെയ്യുന്നതാണ് ഈ ഡയലോഗ് എന്നും ഹരികൃഷ്ണന്‍ വിശദീകരിച്ചു.

”കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത്. വൈകാരികമായ ആ കൂടിക്കാഴ്ച കഴിഞ്ഞു പ്രഭ അകത്തു പോയേ മതിയാകൂ. അത് കൊണ്ടാണ് അങ്ങനെ ഒന്ന് അവിടെ വന്നത്. അവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത്, കഞ്ഞി എടുക്കട്ടേ എന്നല്ലേ ചോദിക്കാന്‍ സാധിക്കൂ, അല്ലാതെ ‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ?,” ഹരികൃഷ്ണന്‍ ചോദിക്കുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കഞ്ഞി ട്രോളുകള്‍ ഇപ്പോഴും കത്തിക്കയറുകയാണ്.

സിനിമയ്ക്ക് ഏറ്റവും ആവശ്യമായ, ലളിതമാ സംഭാഷണം ഉള്‍ക്കൊള്ളിക്കുക എന്ന തിരക്കഥാ രചനയുടെ ധാര്‍മികത അല്ലെങ്കില്‍ നീതിയാണ് താനിവിടെ പുലര്‍ത്തിയത് എന്ന് ഹരികൃഷ്ണന്‍ പറയുന്നു.”ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. എനിക്ക് ഏറ്റവും വിഷമം തോന്നിയത് അത്രയും വൈകാരികമായൊരു രംഗത്തില്‍ തിയേറ്ററിലെ കുറച്ചു പേരെങ്കിലും ചിരിക്കുന്നു എന്നതാണ്.

‘കഞ്ഞി വേണോ’ എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. ‘ഒടിയന്‍’ നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ. ജോലി കഴിഞ്ഞ് വന്ന് രാത്രി കുറേ ഉറക്കമൊഴിച്ചിരുന്ന് എഴുതിയ തിരക്കഥയാണത്. ഇത്രയും മോശമായിട്ടാണോ മലയാളി സിനിമ കാണുന്നത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു,” ഹരികൃഷ്ണന്‍ പറഞ്ഞു നിര്‍ത്തി.

Related posts