ആര്‍ക്ക് ആരോട് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം ! മുന്‍ വിശ്വസുന്ദരിയും നിക് ജോനാസിന്റെ മുന്‍ കാമുകിയുമായ ഒലിവിയ കള്‍പ്പോ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

വിശ്വസുന്ദരിയില്‍ നിന്ന് ലോകസുന്ദരിയിലേക്ക്. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെ പ്രണയങ്ങളെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. നിക് ജോനാസുമായുള്ള ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ കാമുകിയും മിസ് യൂണിവേഴ്‌സും ആയിരുന്ന ഒലീവിയ കള്‍പ്പോ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒലിവിയ നിക്കുമായി ഉണ്ടായിരുന്ന പ്രണയത്തെപ്പറ്റി വാചാലയായത്.

ഒലിവിയ കള്‍പ്പോയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മള്‍ കുറെപ്പേരുമായി ഇടപഴകും. അതില്‍ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അല്‍പം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മള്‍ അറിയാന്‍ തുടങ്ങുന്നത്. ചിലപ്പോള്‍ അതില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാന്‍ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. അതില്‍ നിരാശയില്ല. എല്ലാവര്‍ക്കും എപ്പോഴും സന്തോഷമുണ്ടാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിക് ജോനാസിന്റെയും ഭാവിജീവിതം ശോഭനമാകട്ടെ’.

ഒലിവിയ ഒരു നല്ല സ്ത്രീയാണെന്നു മുന്‍പ് നിക് ജോനാസും അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു നാളുകള്‍ മാത്രമാണ് ഒരുമിച്ചു ജീവിച്ചതെങ്കിലും അതു മനോഹരമായ ദിവസങ്ങള്‍ തന്നെയായിരുന്നു. ഒലിവിയയ്ക്കു നല്ലൊരു ഭാവിയുണ്ടാകാന്‍ താന്‍ ആശംസിക്കുന്നതായും നിക് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞ കാലയളവിലായിരുന്നു നിക്കിന്റെ പ്രതികരണം. രണ്ടുവര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം 2015ലാണ് ഒലിവിയയും നിക്കും തമ്മില്‍ പിരിഞ്ഞത്. അതിനു ശേഷം പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലാകുകയായിരുന്നു.

Related posts