ബലാല്‍സംഗത്തിനിരയായ സുഹൃത്തിന് നീതി നല്‍കാന്‍ അന്ന് ആരുമുണ്ടായില്ല ! അന്ന് എംസി ജോസഫൈനും പോലീസും നിലകൊണ്ടത് പ്രതിക്കൊപ്പം;ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി…

ബലാല്‍സംഗത്തിനിരയായ തന്റെ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത്.

2016ല്‍ നടന്ന സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ വ്യക്തിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്ന് മയൂഖ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കായി നിലകൊണ്ടുവെന്നും മയൂഖ ആരോപിച്ചു.

”2016 ജൂലൈയില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു. നഗ്‌ന വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തി. ഇരയുടെ വീട്ടിലെ സാഹചര്യവും പ്രതിയുടെ രാഷ്ട്രീയ പിന്‍ബലവും കാരണം പരാതി നല്‍കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് യുവതി വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു,” മയൂഖ പറഞ്ഞു.

”വിവാഹ ശേഷവും യുവതിയെ പ്രതി നിരന്തരം ഭീഷണപ്പെടുത്തുകയുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ആളൂര്‍ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ റൂറല്‍ എസ്പി പൂങ്കുഴലിയെ സമീപിച്ചു. നല്ല പിന്തുണ ലഭിച്ചെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായില്ല,” മയൂഖ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് യുവതി വൈദ്യ പരിശോധനയ്ക്കായി ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രതി ഭീഷണിയുമായി വീണ്ടുമെത്തിയെന്നും മയൂഖ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം അന്വേഷിക്കാനോ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനോ പൊലീസ് തയാറായില്ല.

പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംസി ജോസഫൈനെതിരായ ആരോപണമെന്നും മയൂഖ പറഞ്ഞു.

Related posts

Leave a Comment