കഴിഞ്ഞ ഒന്നരവര്‍ഷമായി ഒരുകൂട്ടം ആളുകളുടെ സ്വപ്‌നമാണിത് ! പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് അപേക്ഷിച്ച് ഒമര്‍ ലുലു

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനം കൊണ്ട് ലോകപ്രശസ്തയായ പ്രിയ വാര്യര്‍ ഇപ്പോള്‍ സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ശരം ഏറ്റുവാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അഡാര്‍ ലൗവ് സിനിമയെ താരങ്ങളോടുള്ള ദേഷ്യത്തിന്റെ പേരില്‍ തകര്‍ക്കരുതെന്ന അപേക്ഷയുമായി സംവിധായകന്‍ ഒമര്‍ ലുലു തന്നെ രംഗത്തെത്തി. സിനിമയിലെ നായികയായ പ്രിയ പി വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്നാണ് സംവിധായകന്റെ അപേക്ഷ.

പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.’സിനിമയ്ക്കു കാശുമുടക്കിയ നിര്‍മ്മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.’ ചിത്രത്തിലെ പുറത്തിറങ്ങിയ ‘ഫ്രീക്ക് പെണ്ണെ’ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍.

‘പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്.’-ഒമര്‍ ലുലു പറയുന്നു. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുക കൂടിയായിരുന്നു ഒമര്‍. മൂന്നു ലക്ഷത്തിനടുത്ത് ഡിസ് ലൈക്കാണ് പാട്ടിന് യൂട്യൂബില്‍ കിട്ടിയത്. ലൈക്ക് ആകട്ടെ വെറും നാല്‍പ്പതിനായിരവും.

Related posts