വിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്‌നാട്ടില്‍ ഒരു ‘ഞരമ്പന്‍ അധ്യാപകന്‍’ കൂടി പിടിയില്‍…

വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി.

പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്.

തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്‌പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്.

നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.

പിന്നീട് നഗരത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥിനികളും പൂര്‍വവിദ്യാര്‍ഥിനികളും അധ്യാപകര്‍ക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തി.

ഇതുവരെ അധ്യാപകരടക്കം ആറുപേരെയാണ് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികളില്‍നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖയും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും മാന്യമായി വസ്ത്രം ധരിക്കണമെന്നും മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു.

Related posts

Leave a Comment