കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് അനാഥാലയങ്ങളും; പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കില്‍

ekm-orphanageസിജോ പൈനാടത്ത്

കൊച്ചി: കറന്‍സി നിരോധനത്തില്‍ നാടാകെ ഞെരുങ്ങുമ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളും കടുത്ത പ്രതിസന്ധിയില്‍. കറന്‍സി വിനിമയത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും അനാഥാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ ദൈനംദിനജീവിതത്തെ കാര്യമായി ബാധിച്ചുകഴിഞ്ഞു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ സാധിക്കാതെ വലയുകയാണു മിക്ക സ്ഥാപനങ്ങളും. സുമനസുകള്‍ പതിവായി നല്‍കുന്ന തുകയാണ് ഇത്തരം സ്ഥാപനങ്ങളെ മുന്നോട്ടുനയിച്ചിരുന്നത്. എന്നാല്‍, കറന്‍സി പ്രതിസന്ധി വന്നതോടെ മനസുള്ളവര്‍ക്കു പോലും സഹായിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ പണം നല്‍കി സഹായിക്കുന്നവരുണ്ടായിരുന്നു. എന്നാല്‍, കറന്‍സി നിരോധനത്തോടെ എല്ലാം തകിടം മറിഞ്ഞു. അന്തേവാസികളുടെ നിത്യച്ചെലവുകള്‍ക്കായി കരുതിവച്ചിരുന്ന നാമമാത്രമായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നതും സ്ഥാപനങ്ങളെ വലയ്ക്കുന്നു. സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്ന സ്ഥാപനങ്ങളും പണമിടപാട് നടത്താനാവാതെ വിഷമവൃത്തത്തിലായി.

റേഷനും മുടങ്ങി!
തെരുവിലും വീടുകളില്‍നിന്നും ഉപേക്ഷിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കൂവപ്പടിയിലുള്ള ബത്‌ലേഹം അഭയഭവനില്‍ ഇപ്പോഴുള്ളതു 410 അന്തേവാസികള്‍. അഭ്യുദയകാംക്ഷികള്‍ നിശ്ചിത സമയങ്ങളില്‍ ഏല്‍പിക്കുന്ന ചെറിയ തുകകള്‍ ഉപയോഗിച്ചാണു സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും ചെലവ് നടന്നുവന്നിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് വലിയ പ്രതിസന്ധിയിലാണെന്നു ഡയറക്ടര്‍ മേരി എസ്തപ്പാന്‍ പറഞ്ഞു. അരിക്കടയിലും മറ്റിടങ്ങളിലും പോയി സാധനങ്ങള്‍ വാങ്ങാന്‍ പറ്റുന്നില്ല. ചെറിയ തുകകളും ഭക്ഷണ സാധനങ്ങളും മറ്റും നല്‍കി സഹായിച്ചിരുന്നവര്‍ക്ക് ഇപ്പോഴത്തെ സ്ഥിതിയില്‍ അതിനാവുന്നില്ല. ഒരു രൂപയുടെ അരിയും ഗോതമ്പുമായി മാസത്തില്‍ എണ്ണൂറു കിലോഗ്രാം ഭക്ഷ്യധാന്യം റേഷന്‍കടവഴി കിട്ടാറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി അതില്ല. സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റ് കഴിഞ്ഞ വര്‍ഷത്തേതു പോലും കിട്ടിയിട്ടില്ല- മേരി എസ്തപ്പാന്‍ പറഞ്ഞു.

മനസുള്ളവരും നിസഹായര്‍
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ തുടക്കമിട്ട ദൈവദാന്‍ സന്യാസിനിമാരുടെ നേതൃത്വത്തില്‍ മലയാറ്റൂരിലുള്ള ദൈവദാന്‍ സെന്ററില്‍ 175 നിരാലംബരായവരെ സംരക്ഷിക്കുന്നുണ്ട്. വയോധികരാണ് ഏറെയും. ഇവര്‍ക്കു ഏതാനും ദിവസങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഈ ദിവസങ്ങളിലും ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കാമെന്നു സമ്മതിച്ചിരുന്നവര്‍ സാമ്പത്തികപ്രശ്‌നം മൂലം പിന്മാറിയെന്നു മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൈന പറഞ്ഞു. വരും ദിവസങ്ങളില്‍ എന്താകും എന്ന ആശങ്കയിലാണ് ഇവര്‍.

ഇടുക്കി ലേഖകന്‍ തുടരുന്നു:
ഇടുക്കി ജില്ലയില്‍ എട്ട് സെന്ററുകളിലായി 900 അന്തേവാസികളുള്ള അസീസി സ്‌നേഹാശ്രമങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിനായി കിട്ടിയ ഗ്രാന്റ് തുക പോലും ബാങ്കില്‍നിന്നു മാറിക്കിട്ടുന്നില്ല. 173 കുട്ടികളും 13 അമ്മമാരുമുള്ള പൈങ്കുളം മദര്‍ ആന്‍ഡ് ചൈല്‍ഡിന്റെയും സ്ഥിതി മറിച്ചല്ല. സ്ത്രീകള്‍ക്കും കൊച്ചു കുട്ടികള്‍ക്കുമായി ആരംഭിച്ച സേവ്യേഴ്‌സ് ഹോമിന്റെ പ്രവര്‍ത്തനത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. മൂന്നു സ്ഥാപനങ്ങളിലായി 81 അന്തേവാസികളാണ് ഇവിടെയുള്ളത്.

മൈലക്കൊമ്പ് ദിവ്യരക്ഷാലയം, കോടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ അനാഥാലയങ്ങളും പ്രതിസന്ധിയുടെ വക്കില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് എല്ലായിടത്തുംതന്നെ അനാഥരും രോഗികളും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെ കഴിയുന്ന സ്ഥാപനങ്ങള്‍ കറന്‍സി കുരുക്കില്‍പ്പെട്ടു കഴിഞ്ഞു.

പ്രതിസന്ധിയില്‍ രണ്ടായിരത്തിലേറെ സ്ഥാപനങ്ങള്‍
കൊച്ചി: കറന്‍സിപ്രതിസന്ധി വഷളായതോടെ സംസ്ഥാനത്തു രണ്ടായിരത്തിലേറെ അനാഥ-അഗതിമന്ദിരങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍ സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള 2,150 അനാഥാലയങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1,200 എണ്ണം കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ളതാണ്. സര്‍ക്കാരില്‍നിന്നുള്ള ചെറിയ സാമ്പത്തിക സഹായത്തേക്കാള്‍, പൊതുസമൂഹത്തിലെ കാരുണ്യമനോഭാവമുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയില്‍ മുന്നോട്ടുപോകുന്ന ഈ സ്ഥാപനങ്ങളിലേറെയും ഇപ്പോള്‍ കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അനാഥാലയങ്ങളില്‍നിന്നുള്ള പ്രതികരണം ഈ ആശങ്ക ശരിവയ്ക്കുന്നതാണ്. ഭക്ഷണത്തിനു പോലും വകയില്ലാതെ വിഷമിക്കുന്ന സ്ഥാപനങ്ങളുണ്ട്. നിരാലംബജീവിതങ്ങളുടെ വിശപ്പിന്റെകൂടി പ്രശ്‌നമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹമനഃസാക്ഷി ഉണരേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു.  നൂറുകണക്കിനു നിരാലംബരെയും രോഗികളെയും സ്‌നേഹത്തോടെ പരിപാലിക്കുന്ന അനാഥാലയങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts