അശ്ലീല വീഡിയോകോളില്‍ കുടുങ്ങി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ

മധ്യവയസ്‌കനെ അശ്ലീല വീഡിയോ കോളില്‍ കുടുക്കി സെക്‌സ് റാക്കറ്റുകാര്‍ 6.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി (ഒഎസ്ഡി) ജോലി ചെയ്തിരുന്നയാളെയാണു തട്ടിപ്പിന് ഇരയാക്കിയത്.

മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം.

ശുചിമുറിയില്‍നിന്നു പുറത്തുകടക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ എടുത്തതും മറുഭാഗത്തുണ്ടായിരുന്ന സ്ത്രീ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.

രണ്ടു പേരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട്, മറ്റൊരു നമ്പരില്‍നിന്നു വിളി വന്നു. ഹിന്ദി വാര്‍ത്താചാനലില്‍ നിന്നുള്ള മഹേന്ദ്ര സിങ് എന്ന റിപ്പോര്‍ട്ടറാണെന്നാണ് അങ്ങേത്തലയ്ക്കലുള്ള ആള്‍ പറഞ്ഞത്.

വീഡിയോ കോള്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹത്തെ അറിയിച്ചു.

യുട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടെന്നും പറഞ്ഞു.

വീഡിയോ ഡിലീറ്റ് ചെയ്യാന്‍ വന്‍ തുകയാണ് ആവശ്യപ്പെട്ടത്. തന്നെ വിളിച്ചത് ദമ്പതിമാരാണെന്നും ഇവരാണ് തന്നെ കുടുക്കിയതെന്നും ഇദ്ദേഹം മനസ്സിലാക്കി.

ഭീഷണിപ്പെടുത്തി സംഘം പലതവണയായി 6.8 ലക്ഷം രൂപ വാങ്ങിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണു ബംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Comment