ഒട്ടാവ: കാനഡ, പലസ്തീൻ രാഷ്ട്രത്തെ സെപ്റ്റംബറിൽ യുഎന്നിൽ ഔദ്യോഗികമായി അംഗീകരിക്കുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി.പലസ്തീൻ അഥോറിറ്റിയുടെ സമീപകാല പരിഷ്കാര നടപടികളെക്കുറിച്ചു പരാമർശിക്കവെയാണ് കാർണി നയംവ്യക്തമാക്കിയത്.” സ്വതന്ത്രവും പ്രായോഗികവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്്ട്രംഎന്ന ദ്വിരാഷ്ട്ര പരിഹാരത്തിനു കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണ്,’ വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം വാർത്താസമ്മേളനത്തിൽ കാർണി വ്യക്തമാക്കി.
യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ നൽകുന്ന അംഗീകാരം, ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള പലസ്തീൻ അഥോറിറ്റിയുടെ പ്രതിജ്ഞയെ ആശ്രയിച്ചാണെന്നും കാർണി കൂട്ടിച്ചേർത്തു. 2026 ൽ പൊതുതെരഞ്ഞെടുപ്പു നടക്കുമെന്നും അതിൽ പങ്കെടുക്കുന്നതിൽ നിന്ന് ഹമാസിനെ ഒഴിവാക്കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കാർണിക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.
ഇംഗ്ലണ്ടും ഫ്രാൻസും നടത്തിയ പ്രഖ്യാപനങ്ങളെ തുടർന്നാണ് കാനഡയുടെ തീരുമാനം. ഗാസയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ യുകെ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഫ്രാൻസ് സെപ്റ്റംബറിൽ അംഗീകാരവുമായി മുന്നോട്ടുപോകുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗാസയിലെ മാനുഷിക പ്രശ്നങ്ങളിൽ അന്താരാഷ്്ട്രതലത്തിൽ ശ്രദ്ധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ഇസ്രായേൽ ഉപരോധം തുടരുന്നത് ഭക്ഷണം ഉൾപ്പെടെയുള്ള സഹായ വിതരണത്തെ തടസപ്പെടുത്തുന്നതായും വാർത്തകളുണ്ട്.