മകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…

നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍.

റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്‌കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു.

മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു.

അതും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല നടത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Related posts

Leave a Comment