അതെ, ഞാന്‍ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത്! ഹര്‍ത്താലിനെതിരെ സംസാരിച്ച തന്റെ നേര്‍ക്ക് അസഭ്യവര്‍ഷം നടത്തിയ യുവാവിന് തക്ക മറുപടി കൊടുത്ത് പാര്‍വതി

ഹര്‍ത്താലെന്ന പേരില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ വിമര്‍ശിച്ച നടി പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പതിവുപോലെ അസഭ്യവര്‍ഷം. എന്നാല്‍ അസഹ്യമായ രീതിയില്‍ തന്നോട് സംസാരിച്ച ഒന്നുരണ്ട് വ്യക്തികള്‍ക്ക് പാര്‍വതി തക്ക മറുപടി നല്‍കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് പാര്‍വതിയ്ക്ക് കേട്ടാലറയ്ക്കുന്ന രീതിയിലുള്ള കമന്റുകള്‍ വന്നത്. നിന്റെ മകളേയോ ബന്ധുക്കളേയോ ആ കുഞ്ഞിനെ ചെയ്തതുപോലെ ചെയ്താലും നീ ഇതുതന്നെ പറയുമോ, ഈ ഹര്‍ത്താല്‍ ബിജെപിയ്‌ക്കെതിരെയുള്ളതാണ്. സാധാരണക്കാര്‍ക്ക് പോലുമില്ലാത്ത പ്രശ്‌നം നിനക്കെന്താടീ, …തുടങ്ങി കൂടുതലും അശ്ലീല പദങ്ങളുപയോഗിച്ചായിരുന്നു ഇയാളുടെ കമന്റ്. പബ്ലിസ്റ്റിക്കുവേണ്ടിയാണ് പാര്‍വതി ഇങ്ങനെയൊക്കെ പറയുന്നതെന്ന് കമന്റിട്ടവരും ഉണ്ടായിരുന്നു.

എന്നാല്‍ പതിവുപോലെ തന്നെ അസഭ്യം പറഞ്ഞവരെ വെറുതെ വിടാന്‍ പാര്‍വതി തയാറായില്ല. അശ്ലീല കമന്റിട്ടവരുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം എടുത്താണ് പാര്‍വതി അവര്‍ക്ക് മറുപടി നല്‍കിയത്.

ഇയാളുടെ ആക്രോശം നിങ്ങളും കാണൂ, എന്തൊരു പദസമ്പത്ത്. ഞാന്‍ അങ്ങ് പേടിച്ചുപോയി. അതെ ഞാന്‍ പബ്ലിസ്റ്റിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, നിങ്ങള്‍ സ്മാര്‍ട്ട് ആണല്ലോ, എന്നായിരുന്നു പരിഹാസ രൂപേണ പാര്‍വതി കുറിച്ചത്.

കഠുവ പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടെന്ന പേരില്‍ നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കെതിരെയാണ് പാര്‍വതി രംഗത്തെത്തിയത്. ഇതാണ് പലരെയും ചൊടിപ്പിച്ചത്.

Related posts