കോട്ടയം: പാതിവില തട്ടിപ്പ് കേസ് നടപടികള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഒരാള്‍ക്കും പണം തിരികെ കിട്ടിയില്ല. സ്കൂട്ടര്‍, ലാപ് ടോപ്പ്, തയ്യല്മെഷീന് എന്നിവ പാതിവിലയ്ക്ക് നല്‍കാമെന്ന് ധരിപ്പിച്ച് ഒന്നര ലക്ഷം പേരില്‍നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസില്‍ വിചാരണയും തുടങ്ങിയില്ല. ഒന്നാംപ്രതി അനന്തു കൃഷ്ണന് ജാമ്യം നേടുകയും ചെയ്തു.
കോട്ടയം ജില്ലയില്‍നിന്ന് മാത്രം ഇരുപതിനായിരം പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്സ് കോടതികളിലാണ് ഓരോ ജില്ലയിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു കേസില്‍ത്തന്നെ എണ്ണൂറോളം പേര് പരാതിക്കാരായുണ്ട്. ഒരാള്‍ മാത്രം പരാതിക്കാരനായുള്ള കേസുകളുമുണ്ട്. അതിനാല്‍ വിസ്താര നടപടികള്‍ വര്‍ഷങ്ങള്‍ നീളും. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിക്കുകയും നാല് വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തതല്ലാതെ നഷ്ടമായ പണം തിരികെ പിടാക്കാനും കഴിഞ്ഞിട്ടില്ല.
ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ഫെബ്രുവരി 13നാണ് ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ രജിസ്റ്റര്‍ ചെയ്തതും ഇതിന്റെ മറവില്‍ തട്ടിപ്പ് നടത്തിയതും.തട്ടിപ്പിന് ഇരയായതില്‍ 90 ശതമാനവും സ്ത്രീകളാണ്. താലിമാലവരെ പണയംവച്ചും വിറ്റും ആസ്തിവകകള്‍ പണയപ്പെടുത്തിയുമാണ് പലരും പണം നിക്ഷേപിച്ചത്.
49,386 പേര്‍ക്ക് പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് 281.43 കോടി, ലാപ്ടോപ് നല്‍കാമെന്നു വിശ്വസിപ്പിച്ച് 36,891 പേരില്‍ നിന്ന് 9.22 കോടി, തയ്യല്മെഷീന് നല്‍കാമെന്നു പറഞ്ഞ് 56,082 പേരില്‍നിന്നായി 23.24 കോടിയും തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ മേഖലയിലും സാംസ്കാരിക മേഖലയിലും ഉള്ള ഉന്നതരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വന്നതോടെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു. 1350-ലധികം കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെല്ലാം അനന്തു കൃഷ്ണന് ഒന്നാം പ്രതിയാണ്.
തട്ടിപ്പ് നടത്തിയ പണത്തില്‍ ഏറിയ പങ്കും എവിടെയെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ കിട്ടുക എളുപ്പമല്ല.
