ഭുവനേശ്വര്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മൂന്നുപേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന് ശ്രമിച്ചു. നടുക്കുന്ന സംഭവം ഒഡീഷയിലെ ജഗത്പൂര് ജില്ലയില്.
നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന് ഒളിവിലാണ്. അറസ്റ്റിലായ പ്രതികള് രണ്ടും സഹോദരന്മാരാണ്.
ജഗത്പൂരിലെ ബനാഷ്ബാര ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഭാഗ്യധര് ദാസ്, പഞ്ചാനന് ദാസ് എന്നീ സഹോദരന്മാരും, സുഹൃത്ത് തുളു ബാബുവും ചേര്ന്ന് നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു.
എന്നാല് ഇതിനിടെ പെണ്കുട്ടി ഗര്ഭിണിയാകുകയായിരുന്നു. പെണ്കുട്ടി അഞ്ച് മാസം ഗര്ഭിണിയാണെന്ന് പ്രതികള് കണ്ടെത്തിയതോടെ പെണ്കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി മൂവരും ചേര്ന്ന് തയറാക്കുകയായിരുന്നു.
ഇതിനായി പെണ്കുട്ടിയെ സ്നേഹത്തോടെ വിളിച്ചുവരുത്തിയ ശേഷം ബോധം കെടുത്തി ജീവനോടെ കുഴിച്ചുമൂടി. എന്നാല് സമീപത്തുള്ളവര് ഇത് കാണുകയും പെണ്കുട്ടിയെ തത്സമയം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്ന്ന് പെണ്കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവില് പോയ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. ഇനിയും വിവരങ്ങള് ലഭിക്കാനുണ്ടെന്നും കേസില് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.