വാങ്ങിയത് സൈബീരിയന്‍ ഹസ്‌ക്കിയെ ! ‘നായക്കുട്ടി’ വളര്‍ന്നതോടെ ഉറക്കം നഷ്ടപ്പെട്ടത് പരിസരത്തെ കോഴികള്‍ക്ക്…

സൈബീരിയന്‍ ഹസ്‌ക്കിയെന്നു കരുതി ഓമനിച്ച് വളര്‍ത്തിയത് കുറുക്കനെ. പെറുവിലാണ് സംഭവം.

മാരിബെല്‍ സൊട്ലൊയും കുടുംബവും സെന്‍ട്രല്‍ ലിമയിലുള്ള ഒരു ചെറിയ പെറ്റ് ഷോപ്പില്‍ നിന്നാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ വാങ്ങിയത്.

കാഴ്ചയില്‍ ചെന്നായയെപ്പോലെ ഇരിക്കുന്ന ഇനമാണ് സൈബീരിയന്‍ ഹസ്‌കി.വാങ്ങിയ ആദ്യനാളുകളിലൊന്നും വീട്ടുകാര്‍ക്ക് നായ്ക്കുട്ടിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശവും തോന്നിയില്ല.

എന്നാല്‍ റണ്‍റണ്‍ എന്നു പേരിട്ട നായ്ക്കുട്ടി വളര്‍ന്നതോടെ തനിസ്വഭാവം കാണിച്ചു തുടങ്ങി.

അയല്‍ക്കാരുടെ കോഴികളെയും താറാവുകളെയും ഓടിച്ചിട്ടു പിടിച്ചു കൊന്നു തിന്നതോടെയാണ് തങ്ങള്‍ വളര്‍ത്തിയത് നായ്ക്കുട്ടിയെ അല്ല കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.

നീണ്ട കാലുകളും കൂര്‍ത്ത ചെവിയും രോമങ്ങള്‍ നിറഞ്ഞ വാലും കൂര്‍ത്ത മുഖവുമുള്ള ആന്‍ഡിയന്‍ ഫോക്്‌സ് ഗണത്തില്‍ പെട്ട കുറുക്കനെയാണ് കുടുംബം ഹസ്‌ക്കിയെന്നു കരുതി ഓമനിച്ചു വളര്‍ത്തിയത്.

ആദ്യകാലത്ത് നായ്ക്കുട്ടികളെപ്പോലെ തന്നെയായിരുന്നു റണ്‍റണ്‍ കുരച്ചിരുന്നതെന്നും അതുകൊണ്ട്തന്നെ കണ്ടപ്പോള്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

ലിമയില്‍ നിന്നും 13 ഡോളര്‍ നല്‍കിയാണ് കുടുംബം നായ്ക്കുട്ടിയെന്നു കരുതി കുറുക്കനെ വളര്‍ത്താന്‍ വാങ്ങിയത്.

റണ്‍റണ്‍ കുറുക്കനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ വന്യജീവി വകുപ്പിനെ സമീപിച്ചു.ആമസോണിലെ കാടുകളില്‍ നിന്ന് വന്യമൃഗങ്ങളെ പിടിച്ചുകൊണ്ടുവന്ന് ചെറിയ പെറ്റ് ഷോപ്പുകളില്‍ വില്‍ക്കുന്നത് പതിവാണെന്ന് വന്യജീവി വിഭാഗം വ്യക്തമാക്കി.

പിന്നീടും സമീപത്തുള്ള വീടുകളിലെ മൂന്നു ഗിനിപ്പന്നികളെ റണ്‍റണ്‍ കൊന്നുതിന്നുവെന്ന പരാതി ഉയര്‍ന്നു.

അവര്‍ക്ക് കുടുംബം നഷ്ടപരിഹാരവും നല്‍കേണ്ടിവന്നു. ഒടുവില്‍ മേയ് മാസത്തില്‍ റണ്‍റണ്‍ വീടുവിട്ട് ഓടിപ്പോവുകയായിരുന്നു.

പിന്നീട് ആറു മാസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് വന്യജീവി വിഭാഗം റണ്‍റണിനെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടിയത്.

പിന്നീട് കുറുക്കനെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം പാര്‍ക്ക് ഡെ ലാസ് ലെയന്‍ഡാസ് മൃഗശാലയ്ക്ക് കൈമാറി.

പെറുവില്‍ വന്യജീവികളെ അനധികൃതമായി കൈവശം വയ്ക്കുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

Related posts

Leave a Comment