പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രം കുറച്ചു; ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിർത്താൻ പൊടിക്കൈയുമായി കേന്ദ്ര സർക്കാർ രംഗത്ത്. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു. ലിറ്ററിന് 1.50 രൂപയാണ് കേന്ദ്ര സർക്കാർ തീരുവ കുറച്ചത്. എണ്ണക്കന്പനികളും ലിറ്ററിന് ഒരു രൂപ കുറയ്ക്കും. ഇതുവഴി ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നടപടി മുൻനിർത്തി സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഇന്ധന വില വർധനയുടെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെയാണ് എക്സൈസ് തീരുവ കുറച്ചു താത്കാലിക ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ വില കുറയ്ക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. വില ഇനിയും മുന്നോട്ടുപോകുന്നത് വരുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാക്കുമെന്ന സാഹചര്യമുണ്ടായതോടെയാണ് എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി ഭാരം കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയേക്കും. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ നിലപാട് എന്തായിരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

Related posts