ഇനി വീടു വാങ്ങാന്‍ ഹൗസിംഗ് ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങേണ്ട, പിഎഫ് തുക ഈടു നല്‍കി വീടു വാങ്ങാം! പദ്ധതി അടുത്തവര്‍ഷം മുതല്‍

pfസ്വന്തമായി ഒരു വീടെന്നത് ഏവരുടെയും സ്വപ്‌നമാണ്. പലിശയ്ക്കു പണമെടുത്തും ബാങ്കുകളില്‍നിന്ന് വന്‍ പലിശയ്ക്കു പണമെടുത്തുമാണ് പലരും ആ സ്വപ്‌നത്തിലേക്ക് കരുക്കള്‍ നീക്കുന്നത്. വീടെന്ന സ്വപ്‌നം വിദൂരത്തിലായവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. പ്രൊവിഡന്റ് ഫണ്ടിലെ തുക ഈടുനല്കി വീടുവാങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി അടുത്തവര്‍ഷം മുതല്‍ നിലവില്‍ വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നാലു കോടി വരിക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.

പിഎഫ് തുക ഈടായി നല്കി വീട് വാങ്ങുമ്പോള്‍ വരിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് തവണകളായി ഇഎംഐ അടയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ടെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി. ജോയ് വ്യക്തമാക്കി. ചെലവുകുറഞ്ഞ വീട് വാങ്ങുന്നതിനാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ വീട് നിര്‍മിക്കാനോ ഭൂമി വാങ്ങിക്കാനോ ഇതിലൂടെ സാധിക്കില്ല.

പുതിയ പദ്ധതിപ്രകാരം ഫണ്ട് വരിക്കാരന്‍, ഭവനവായ്പ നല്കുന്ന ബാങ്ക് പിഎഫ്ഒ എന്നിവ തമ്മില്‍ ത്രികക്ഷി ഉടമ്പടി ഉണ്ടാക്കും. പിഎഫ് തുക കൃത്യമായി അടയ്ക്കുന്നതിനാണിത്. പുതിയ പദ്ധതി ഒട്ടേറെ പേര്‍ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

Related posts