തിരുവനന്തപുരം: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും വെള്ളറട ജംഗ്ഷനിലെ ദാസ് ഹൗസിൽ താമസക്കാരനുമായ ഡെനിൻ ദാസ് (44) ആണ് അറസ്റ്റിലായത്.
നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഡെനിൻ ദാസ്. നേരത്തെ രണ്ടുപേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടുസംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിൽ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് സംഘം രണ്ടാം തവണയാണ് നായാട്ട് നടത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നായാട്ടുസംഘത്തിൽ ചില തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
