പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയാറെടുക്കുന്ന കാലമാണിത്! അപ്പോഴാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധം നടത്തുന്നത്; പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായക്കാര്‍ തമ്മില്‍ വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയക്കളികളും അരങ്ങേറുമ്പോള്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ സുപ്രീംകോടതി വിധിക്കെതിരായ രംഗത്തെത്തിയിരിക്കുകയാണ്.’

വിധി അട്ടിമറിക്കാന്‍ ബി.ജെ.പി തന്നെയാണ് രംഗത്തുള്ളത്. ശബരിമല സംഘര്‍ഷഭൂമിയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റ് ചിലര്‍ കൊടിയില്ലാതെയും പ്രതിഷേധിക്കുന്നു. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു.

പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്ന നാടാണിത്. അപ്പോഴാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തീര്‍ത്തും അപമാനകരമാണെന്നും മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts