ആലപ്പുഴ: ഡോക്ടറെ അസഭ്യംപറഞ്ഞ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ജില്ലാ ജയിലിൽ എന്തുസംഭവിച്ചുവെന്ന് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുമെന്ന് സഹോദരൻ സജിത്ത് പ്രസാദ്, മരിച്ച ശരത് പ്രസാദിന്റെ ഭാര്യ സിജിന എന്നിവർ പറഞ്ഞു.
പുന്നപ്ര നോർത്ത്പഞ്ചായത്ത് രണ്ടാംവാർഡിൽ പള്ളിവെളിവീട്ടിൽ ശരത് പ്രസാദിനെ (41) ഞായറാഴ്ചായണ് ജില്ലാ ജില്ലയിലെ ശുചിമുറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിൽ ചവിട്ടിക്കയറി ചാടിപ്പിടിച്ച് വെന്റിലേറ്ററിൽ കുരുക്കിട്ടുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അപകടത്തിൽ കാലിനു പരിക്കേറ്റയാൾ അത്രയും ഉയരത്തിൽ കയറി കുരുക്കിട്ട് ആത്മഹത്യചെയ്യാനുള്ള സാധ്യതകു റവാണ്.
തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നുവെങ്കിലും ഇത് വിശ്വസിക്കുന്നില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നുവെങ്കിലും വീഡിയോ കാണിക്കാൻ തയാറായിട്ടില്ല. മജിസ്ട്രേറ്റിനു മുന്നിൽ മരണവുമായി ബന്ധപ്പെട്ട് തോന്നിയ സംശയങ്ങൾ പറഞ്ഞിട്ടുണ്ട്.
അപകടത്തിൽപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറെ അസഭ്യം പറഞ്ഞുവെന്ന് പറയുന്നത് വെറുതെയാണ്. പരിക്കേറ്റ് അത്യാഹിതവിഭാഗത്തിലെത്തിയപ്പോൾ പെട്ടെന്ന് ദേഷ്യംവന്നപ്പോൾ ആശുപത്രിയിലെ അറ്റൻഡറുമായി വാക്കേറ്റമുണ്ടായെന്നത് ശരിയാണ്. ഡോക്ടറുമായി സംസാരിച്ചെങ്കിലും അസഭ്യം പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
