ആമിനയുടെ സമയോചിതമായ ഇടപെടല്‍ ആലപ്പുഴയെ രക്ഷിച്ചത് വന്‍ ദുരന്തത്തില്‍ നിന്ന് ! പ്ലസ്ടു വിദ്യാര്‍ഥിനി ചെയ്ത മഹത്കാര്യം ഇങ്ങനെ…

ആമിന ഷാജി എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പുക ഉയരുന്നത് രാവിലെ പിതാവ് ഷാജിക്കൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ആമിനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുക പടരുന്നയിടത്തേക്ക് എത്തിയ ആമിനയാണ് അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.

എസ്റ്റിന്‍ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാമെന്നും തീയണയ്ക്കാന്‍ വേണ്ടി എത്രയും വേഗം എസ്റ്റിന്‍ഗ്യൂഷര്‍ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്‌സൈസ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടാതെ തീ പിടിച്ച വിവരം ആലപ്പുഴ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കി. എസ്റ്റിന്‍ഗ്യൂഷര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആമിനയും പിതാവ് ഷാജിയും എക്‌സൈസ് വനിതാ ജീവനക്കാരും ചേര്‍ന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു.

പിന്നാലെ എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പടര്‍ന്നു പിടിച്ച തീ പൂര്‍ണമായും കെടുത്തി. തീപിടുത്തമുണ്ടായ തെങ്ങിന് എതിര്‍വശത്ത് നഗരത്തിലെ വലിയ രണ്ട് പെട്രോള്‍ പമ്പുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തെങ്ങില്‍ നിന്നും തീപ്പൊരി പെട്രോള്‍ പമ്പിലേയ്ക്ക് എത്താതെയും, സമീപ കെട്ടിടങ്ങളിലേയ്ക്ക് തീ പടരാതെയും സംരക്ഷിക്കാന്‍ കഴിഞ്ഞത് ആമിനയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

തനിക്ക് ഈ ധൈര്യവും അറിവും ലഭിച്ചത് 2019 ഡിസംബര്‍ 2 ന് സ്‌കൂളില്‍ വച്ച് നടന്ന ഫയര്‍ ആന്റ് റെസ്‌ക്യു അവെയര്‍നസ് ക്ലാസ്സില്‍ നിന്നാണെന്ന് ആമിന പറയുന്നു. ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആമിന.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് അടുത്തയിടെയാണ് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫയര്‍ ആന്റ് റെസ്‌ക്യു അവെയര്‍നസ് ക്ലാസ്സ് നല്‍കിയത്.

ഈ ക്ലാസ്സില്‍ വിവിധ തരം എസ്റ്റിന്‍ഗ്യൂഷറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിധം, വിവിധ തരം തീപിടുത്തങ്ങള്‍, അവ എങ്ങനെയെല്ലാം അണയ്ക്കാം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആലപ്പുഴ അഗ്‌നി രക്ഷാനിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാര്‍ വിശദമായി വിവരിച്ചിരുന്നു. ആലപ്പുഴ ഇരവ് കാട് കോയാപറമ്പില്‍ ഷാജിയുടെ മകളാണ് ആമിന. ആമിനയുടെ അനുജത്തി അസ്‌നയും ഇതേ സ്‌കൂളിലെ ഒന്‍മ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ആലപ്പുഴ അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ആര്‍. ജയസിംഹന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ആണ് ക്യത്യമായി വളരെ വേഗത്തില്‍ എത്തി തീ പൂര്‍ണ്ണമായും അണച്ചത്.

Related posts