മനിതി സംഘത്തെ എങ്ങനെയും മലചവിട്ടിക്കാനുറച്ച് തന്നെ പോലീസ്, വിശ്വാസികളെ അറസ്റ്റ് ചെയ്തുനീക്കി സെല്‍വിയുടെ സംഘത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ആദ്യനീക്കം പരാജയപ്പെട്ടെങ്കിലും സര്‍ക്കാരും പോലീസും പിന്നോട്ടില്ല

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി സംഘം സന്നിധാനത്തേക്ക്. പോലീസ് സുരക്ഷയിലാണ് മനിതി സംഘം മല കയറുന്നത്. മനിതി സംഘത്തിനെതിരെ പമ്പയില്‍ നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിശേഷമാണ് സംഘം മല കയറാനെത്തിയത്. എന്നാല്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ച് ഇവരെ വീണ്ടും തടഞ്ഞതോടെ പോലീസ് മനിതി സംഘത്തെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

അതേസമയം മനിതി സംഘത്തെ എന്തും വിലകൊടുത്തും മല ചവിട്ടിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ നേരിയതോതില്‍ മാത്രമുണ്ടായിരുന്ന വിശ്വാസികളുടെ പ്രതിഷേധത്തിന് കനംവച്ചിട്ടുണ്ട്. കൂടുതല്‍ അയ്യപ്പഭക്തര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും പമ്പയിലേക്കും നിലയ്ക്കലേക്കും നീങ്ങിയിട്ടുണ്ട്. ബിജെപിയും വിവിധ ഹിന്ദുസംഘടനകളും ഭക്തരോട് എന്തിനു തയാറായിരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മനിതി സംഘത്തിന്റെ മറ്റൊരു സംഘവും പമ്പയിലേക്ക് വരുന്നുണ്ട്.

അതിനിടെ മറ്റൊരു വിവരം വരുന്നത് കേരള പോലീസിന്റെ ഒരു സംഘം തമിഴ്‌നാട്ടില്‍ പോയാണ് മനിതി സംഘത്തെ കേരളത്തിലേക്ക് എത്തിച്ചതെന്ന വാര്‍ത്തയാണ്. മനിതി സംഘത്തിന് തമിഴ്‌നാട്ടിലെ സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. സിപിഎം തമിഴ്‌നാട് ഘടകം സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇവര്‍ സ്ഥിരസാന്നിധ്യമാണ്. അതുകൊണ്ട് തന്നെ മനിതി സംഘത്തിന്റെ വരവിനു പിന്നില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പാണെന്ന താരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രചാരണം ശക്തമാണ്.

Related posts