കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരം. അക്രമസംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയത് മിക്കയിടങ്ങളിലും പോളിംഗ് വ്യാപകമായി വൈകുന്നതിന് ഇടയായി. രാവിലെ 11.45 വരെ 30.69 ശതമാനം വോട്ട് കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ രേഖപ്പെടുത്തി. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. 34.05 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.
വടകര ലോക്സഭാ മണ്ഡലത്തിലെ കൂത്തുപറന്പ് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 29.04 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ തളിപ്പറന്പ് നിയോജകമണ്ഡലത്തിൽ 32.54 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 29.65 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് നില.
വോട്ടെടുപ്പ് രാവിലെ ഏഴോടെ ആരംഭിച്ചെങ്കിലും ജില്ലയിലെ നൂറോളം ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തിയ പിണറായി ആർസി അമല ബേസിക് സ്കൂളിൽ ഉൾപ്പെടെയുള്ള ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.
പയ്യന്നൂർ, തളിപ്പറന്പ്, ശ്രീകണ്ഠപുരം, ഇരിക്കൂർ, തലശേരി, ഇരിട്ടി, പേരാവൂർ, പാനൂർ, കണ്ണൂർ മേഖലകളിലാണ് വോട്ടിംഗ് യന്ത്രവും വിവി പാറ്റ് മെഷീനുകളും പണിമുടക്കിയത്. മിക്കയിടങ്ങളിലും പോളിംഗ് ഒരുമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. എന്നാൽ ചിലയിടങ്ങളിൽ രണ്ടുമണിക്കൂറുകളോളം വൈകി
. എരമം സൗത്ത് എൽപി സ്കൂളിലെ 131 ാനന്പർ ബൂത്തിൽ 11 ഓടെയാണ് പോളിംഗ് ആരംഭിച്ചത്. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പേരാവൂർ, കൊട്ടിയൂർ മേഖലയിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് മിക്കയിടങ്ങളിലും വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.
മയ്യിൽ കണ്ടക്കൈയിൽ വിവി പാറ്റ് യന്ത്രത്തിൽ നിന്ന് വിഷപ്പാന്പിനെ കണ്ടെത്തിയ സംഭവവും ഉണ്ടായി. ചൊക്ലി രാമവിലാസം യുപി സ്കൂളിൽ വോട്ടെടുപ്പിനിടെ മധ്യവയസ്ക്ക കുഴഞ്ഞുവീണു മരിച്ചു. മോടോളിയിലെ വിജയി (62) ആണ് മരിച്ചത്.
ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
പാനൂർ: വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ 158 നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ പരേതനായ മോടോളിൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ വിജയി (64) യാണ് കുഴഞ്ഞുവീണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. സംസ്കാരം വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ. മക്കൾ: വിജേഷ്, രേഷ്മ. മരുമകൻ: സജീവൻ.