കോട്ടയം: വായുമലിനീകരണം ഓരോ ഇന്ത്യാക്കാരന്റെയും ആയുസില്‍ മൂന്നര വര്‍ഷത്തെ കുറവു വരുത്തുന്നതായി ഷിക്കാഗോ സര്‍വകലാശാലയുടെ പഠനം.വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ആയുസിന്റെ നീളം എട്ടു വര്‍ഷം വരെ കുറയാന്‍ അന്തരീക്ഷ മലിനീകരണം ഇടയാക്കുന്നു.
ഇന്ത്യയിലെ വ്യോമാന്തരീക്ഷത്തില് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയധികം വിഷാംശമുള്ള കണികകള്‍ ഓരോ ശ്വാസത്തിലും വലിക്കുന്ന സാഹചര്യമാണ് ശരാശരി ആയുസ് മൂന്നര വര്‍ഷം കുറയാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹി മഹാനഗരത്തില്‍ ഓരോ വ്യക്തിക്കും 8.2 വര്‍ഷത്തെ ആയുസ് കുറയുന്നുവെന്നാണ് പഠനം. ആഗ്ര, ഡല്‍ഹി, സൂററ്റ്, മീറസ്, ലക്നോ തുടങ്ങിയ നഗരങ്ങളെല്ലാം അതിരൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവാണ്.
കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് ഏറ്റവും മലിനീകരണം നടക്കുന്ന ജില്ലകള്‍. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലേക്ക് മലിനീകരണം കുറച്ചാല്‍ കര്‍ണാടകയില്‍ 1.6 വര്‍ഷവും ആന്ധ്രാപ്രദേശില്‍ 2.1 വര്‍ഷവും തെലങ്കാനയില്‍ 2.4 വര്‍ഷവും തമിഴ്നാട്ടില്‍ 1.7 വര്‍ഷവും കേരളത്തില്‍ 1.3 വര്‍ഷവും അധികമായി ആയുസ് വര്‍ധിക്കും. ഇന്ത്യയില്‍ 14 കോടി ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങളില്‍ വാര്‍ഷിക ശരാശരി കണികാ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ ഉയര്‍ന്നതാണ്.
വായുമലിനീകരണം ഇന്ത്യയില്‍ ഓരോ വര്‍ഷവും 15 ലക്ഷം പേരുടെ ജീവനെടുക്കുന്നതായി കണ്ടെത്തല്‍. ക്യൂബിക് മീറ്ററിന് 40 മൈക്രോണ്‍ ആണ് ഇന്ത്യന്‍ നാഷനല്‍ ആംബിയന്റ്് എയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേഡ്സ് നിര്‍ദേശിക്കുന്ന വായു മലിനീകരണ പരിധി. ഈ പരിധിയും കടന്നുള്ള ഭീകരമായ സ്ഥിതിയിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ 82 ശതമാനവും കഴിയുന്നത്.
പ്രതിവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് വായു മലിനീകരണം. ലോകമെമ്പാടുമായി പ്രതിവര്‍ഷം ഏകദേശം 6.7 ദശലക്ഷം മരണങ്ങള്‍ക്ക് വായു മലിനീകരണം കാരണമാകുന്നു.
വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം, വൈക്കോല്‍ കത്തിക്കല്‍, എയര്‍ കൂളറുടെ ഉപയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍ ആകുന്നുവെന്ന് പഠനത്തില്‍ പറയുന്നു.