‘പൂമര’ കലോത്സവം വിവാദത്തില്‍, എംജി കലോത്സവം പൂമരം സിനിമയുടെ ഷൂട്ടിംഗിനുവേണ്ടി സംഘടിപ്പിച്ചതെന്ന് ആരോപണം, സംഘാടകര്‍ വെട്ടില്‍

POOMARAM-Hപ്രത്യേക ലേഖകന്‍

കോഴഞ്ചേരിയില്‍ നടക്കുന്ന എംജി കലോത്സവവും “പൂമര’വുമായുള്ള ബന്ധം സിപിഎം തലത്തില്‍ അന്വേഷണത്തില്‍. കലോത്സവം പൂമരം ചിത്രീകരണത്തിനുവേണ്ടിയായിരുന്നുവെന്ന ആക്ഷേപംവരെ ഉയര്‍ന്ന സാഹചര്യത്തില്‍ കലോത്സവ സംഘാടകസമിതി ഭാരവാഹികളായ എസ്എഫ്‌ഐ നേതാക്കളില്‍ നിന്നു സിപിഎം വിശദീകരണം തേടിയിരിക്കുകയാണ്. കലോത്സവത്തിന്റെ ഉദ്ഘാടനം മുതലുള്ള വേദികളില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

സമാപനസമ്മേളനം പൂര്‍ണമായി സിനിമാതാരങ്ങളും പ്രവര്‍ത്തകരും നിറയുന്നത് പൂമരം ഷൂട്ടിംഗിന്റെ ഭാഗമാണ്. എംജി സര്‍വകലാശാല യുവജനോത്സവ ഫണ്ടായ 15 ലക്ഷം രൂപ സംഘാടകസമിതിയെ ഏല്പിക്കാറുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയനാണ് കലോത്സവം നടത്തേണ്ടത്. ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലും പാര്‍ട്ടി വിശദീകരണം ആരാഞ്ഞിട്ടുണ്ട്. സ്വാഗത സംഘത്തിലെ ചില ഭാരവാഹികളൊഴികെ ആര്‍ക്കും ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച അറിവില്ല. പൂമരം ഷൂട്ടിംഗിനായി പണം നല്‍കിയെന്ന എസ്എഫ്‌ഐ നേതാക്കളുടെ വെളിപ്പെടുത്തലും സിപിഎമ്മിനെ അടക്കം വെട്ടിലാക്കിയിരിക്കുകയാണ്.

കലോത്സവ വേദികളിലെല്ലാം തന്നെ പൂമരം പ്രവര്‍ത്തകരുടെ ആശംസ അറിയിച്ച ബാനറുകളുണ്ടായിരുന്നു. ഇതിലൂടെ പൂമരം കലോത്സവമായി ഇതു മാറിയെന്നാണ് ആക്ഷേപം. കലോത്സവം പൂര്‍ത്തിയായാലുടന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സജിത് പി.ആനന്ദിനോടു സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.  അന്വേഷണത്തിനായി സിപിഎം സംസ്ഥാന സമിതിയംഗം കെ. അനന്തഗോപനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കലോത്സവത്തിന്റെ പല വേദികളും പൂമരം അണിയറ പ്രവര്‍ത്തകരുടെ ഹിതപ്രകാരം നിയന്ത്രിക്കപ്പെട്ടുവെന്നാണ് മറ്റൊരു ആക്ഷേപം. ഉദ്ഘാടന സമ്മേളനത്തിലെ ചില പ്രാസംഗികരുടെ ഡയലോഗുകളും പ്രവര്‍ത്തനങ്ങളുമെല്ലാം സിനിമയുടെ ഭാഗമായിട്ടുണ്ട്. ചില മത്സരവേദികളില്‍പോലും സിനിമ ചിത്രീകരണത്തിനുവേണ്ടി “അലമ്പു’കളുണ്ടായിട്ടുണ്ട്. ദഫ് മുട്ട് വേദിയിലെ പോലീസ് വേഷധാരികളുടെ പ്രകടനത്തിനു പിന്നില്‍ സിനിമ ചിത്രീകരണ താത്പര്യമുണ്ടായിരുന്നതായി പറയുന്നു.

Related posts