ഗുര്‍മീത് റാം റഹിമിന് ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭിച്ചതില്‍ ദുരൂഹത; ദേരാ സച്ചാ ആസ്ഥാനത്തെ കാര്‍ശേഖരം കണ്ട് അന്തംവിട്ട് പോലീസ്; പിടിച്ചെടുത്തത് 56 ആഡംബര കാറുകര്‍

പഞ്ച്കുല:ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വാഹനശേഖരത്തില്‍ അന്തംവിട്ട് പൊലീസ്. ഗുര്‍മീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 30 എണ്ണവും ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, പോര്‍ഷെ കാറുകളാണ്. കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പിടിച്ചെടുത്തിട്ടുണ്ട്.
പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ ഗുര്‍മീതിനു ലഭിച്ചതെങ്ങനെയെന്നു കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്.

ഗുര്‍മീതിന്റെ കാറുകളുടെ രജിസ്‌ട്രേഷന്‍ കൃത്രിമമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് ഇവ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിക്ക ആഢംബര കാറുകളും ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഗുര്‍മീത് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകള്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇങ്ങനെ കാറുകള്‍ എത്തിച്ചതിലും തട്ടിപ്പു നടന്നതായി പൊലീസ് സംശയിക്കുന്നു. ഇതു മാത്രമല്ല എഞ്ചിന്റെ രജിസ്‌ട്രേഷനിലും ഗുര്‍മീത് കൃത്രിമം കാട്ടിയിട്ടുണ്ട്.

ചില വാഹനങ്ങള്‍ ദേരയുടെ പേരില്‍തന്നെ റജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ മറ്റുള്ളവ ഷാ സത്‌നം ഫോഴ്‌സിന്റെ പേരിലും ദേരയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റുചില സ്ഥാപനങ്ങളുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ദേര ചെയര്‍പേഴ്‌സന്‍ വിപാസ്‌ന ഇന്‍സാനെ വിളിച്ചുവരുത്തും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ വാഹന നിര്‍മാതാക്കളെ സമീപിക്കാനാണ് പോലീസിന്റെ പദ്ധതി.

Related posts