തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുളളക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കുഞ്ഞബ്ദുളളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. കേരളം ഏറ്റുപാടുന്ന പാട്ടെഴുതിയിതിന് അഭിനന്ദനവും നേർന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസ് എടുത്തിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി. പി കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരുന്നു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്കിയ പരാതിയിലാണ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം സിഎംഎസ് മീഡിയ സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് നാല് പ്രതികള്‍.
