കണ്ണൂര്‍: ജനരോഷം പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം പൂട്ടിച്ച കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യസംസ്കരണ കമ്പനി ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ജനങ്ങളുടെ വോട്ടുനേടാനായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിശ്വാസ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധവുമുയരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന 21ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കരിയാപ്പിലെ ജനങ്ങള്‍.
വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കി കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് എന്ന മത്സ്യ സംസ്കരണ കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭ സമരങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. പഞ്ചായത്തിലെ ആലപ്പടമ്പ് തെയ്യോട്ടു കാവിന് സമീപത്ത് പ്രവര്‍ത്തനമാരംഭിച്ച ലാറ്റക്സ് കമ്പനി, ആലക്കാട്ടെ ടാര്‍ മിക്സിംഗ് യൂണിറ്റ് എന്നിവയ്ക്കെതിരേയയും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് ഫാക്ടറിയില്‍നിന്നും മലിനജലത്തോടൊപ്പം പുറത്തേക്ക് ഒഴുകുന്നതെന്നും ഇത് കുടിവെള്ളത്തില്‍ കലര്ന്നുണ്ടാക്കുന്ന ഭീകരമായ ആരോഗ്യ പ്രശ്നങ്ങളും എല്ലാ ജീവജാലങ്ങളേയും മത്സ്യ സമ്പത്തും ഇല്ലാതാക്കുന്ന അവസ്ഥയുംസിപിഎം കാണുന്നില്ലെന്നും കരിയാപ്പ് ജനകീയ സംരക്ഷണ സമര സമിതി ഭാരവാഹികള്‍ പറഞ്ഞിരുന്നു. 2023 ജനുവരിയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു.
എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് കരിയാപ്പിലേതെന്നും നാട്ടുകാരുടെ പ്രശ്നത്തിനൊപ്പമാണ് സിപിഎമ്മെന്നും ഫാക്ടറിയിലെ ദുര്‍ഗന്ധം സഹിച്ച് നാട്ടുകാര്‍ ജീവിക്കണമെന്നാണെങ്കില്‍ അത് നടക്കില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലന് വിശദീകരിച്ചതുമാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ദുര്‍ഗന്ധം പരത്തി ജനജീവിതം ദുസഹമാക്കുന്ന സാഗര്പേള് മീന്‍ കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സിപിഎം ആലപ്പടമ്പ ഈസ്റ്റ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.ശശീധരനാണ് ഈ സമരം ഉദ്ഘാടനം ചെയ്തത്.
അന്ന് തന്നെ മീന്കമ്പനി അടച്ചുപൂട്ടിച്ചു. ഇതോടെ ജനങ്ങളുടെ പ്രതിഷേധമില്ലാതാവുകയും തെരഞ്ഞെടുപ്പില്‍ സിപിഎം ആഗ്രഹിച്ച വിജയവും നേടാനുമായി. എന്നാല്‍ ഇതൊക്കെ നാടകമായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഫലപ്രഖ്യാപനം വന്ന 14-നായിരുന്നു.ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ നടത്തിയ തെരഞ്ഞടുപ്പ് വിജയഹ്ലാദത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ കണ്ടത് പൂട്ടിയ കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു.
