വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് ഞാന്‍ നല്‍കുന്നത് ! ദിലീപേട്ടന്‍ നേരിട്ടത് മോശം അനുഭവങ്ങള്‍; താന്‍ ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണെണ് പ്രയാഗ…

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്‍വിജയം നേടിയ ചിത്രമാണ് രാമലീല. ആ സിനിമയുടെ വിജയത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ചിത്രത്തിനെക്കുറിച്ചും നായകനായ ദിലീപ് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസു തുറക്കുകയാണ് നായികയായ പ്രയാഗ മാര്‍ട്ടിന്‍.’രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുളള സാഹചര്യമായിരുന്നു.

ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നിര്‍മ്മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാനാദ്യമായി കാണുന്നത്. അതിനുശേഷം രാമലീലയില്‍ അദ്ദേഹത്തിന്റെ നായികയായി. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. അഭിനയത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുമ്പോള്‍ മോളേ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണമെന്നൊക്കെ പറഞ്ഞു തരുന്നയാളാണ് ദിലീപേട്ടന്‍.

അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെയൊരു ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടായിരുന്നു. ദിലീപേട്ടന്‍ ഇങ്ങനെ അനുഭവിക്കുന്നത് കൊണ്ട് നമ്മള്‍ അദ്ദേഹത്തിന് നല്ലതുവരട്ടെ എന്നാഗ്രഹിക്കുന്നതിനൊപ്പം തന്നെ രാമലീല സൂപ്പര്‍ഹിറ്റായി മാറട്ടെയെന്നും വിചാരിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയൊക്കെ ഫലമായിരിക്കും അത് നന്നായി വന്നു. ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട്. അതുപോലെ സിനിമയിലും.

ചിത്രീകരണം കഴിഞ്ഞ് കഠിനമായ ഒരു സമയമായിരുന്നു രാമലീലയ്ക്ക് നേരിടേണ്ടി വന്നത്. എനിക്ക് തോന്നുന്നു മലയാളം സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തിപ്പെടുത്തിയിട്ടുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം കൈവരിച്ചത്. അത് തീര്‍ച്ചയായും മലയാളി പ്രേക്ഷകരുടെ ഗുണമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഹൃദയമുണ്ടെങ്കില്‍ അത് അലിയുന്ന സാഹചര്യം തന്നെ ആയിരുന്നു ദിലീപേട്ടന്‍ കടന്നു പോയ ആ സമയം. നമുക്ക് മാനസികമായി വിഷമം തോന്നുന്ന സാഹചര്യമായിരുന്നു. ഇതിന്റെ ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല. ഞാന്‍ പറഞ്ഞാല്‍ ഒട്ട് ശരിയാവുകയുമില്ല പ്രയാഗ പറഞ്ഞു. പല തവണ റിലീസിംഗ് മാറ്റിവച്ച ശേഷം ഒടുവില്‍ റിലീസ് ചെയ്ത സിനിമ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.

Related posts