പോലീസിന്‍റെ സമയോചിതമായ ഇടപെടൽ..! വീട്ടമ്മ അടുക്കളയിൽ പ്രസവിച്ചു; വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ നഴ്സിനെ വിളിച്ചുവരുത്തി ആവശ്യമായ ചികിത്‌സ നൽകിയശേഷം ആശുപത്രിയിലെത്തിച്ചു

പൊൻകുന്നം: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അടുക്കളയിൽ പ്രസവിച്ചു കിടന്ന യുവതിയെയും കുഞ്ഞിനെയും പൊൻകുന്നം പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഞായാറാഴ്ച രാവിലെ പത്തരയോടെ തച്ചപ്പുഴ എട്ടുസെന്‍റ് കോളനിയിലാണ് സംഭവം.

വീടിനുള്ളിൽ നിന്ന് ഞരക്കവും മൂളലും കേട്ട് അയൽവാസികളെത്തി നോക്കിയപ്പോഴാണ് യുവതി അടുക്കളയിൽ പെണ്‍കുഞ്ഞിനെ പ്രസവിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭർത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.

അയൽവാസികളാണ് പൊൻകുന്നം പോലീസിൽ വിവരമറിയിച്ചത്. പൊക്കിൾക്കൊടി വിട്ടുപോകാഞ്ഞതിനാൽ നഴ്സിന്‍റെ പരിചരണം ആവശ്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചു. ആവശ്യമായ പരിചരണം നൽകിയശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Related posts