തിരുവനന്തപുരം: യഥാർഥ കലാകാരന്മാരെയും മൂല്യവത്തായ കലാസൃഷ്ടികളെയും പുതിയ തലമുറ തിരിച്ചറിയുന്നില്ലെന്ന് ചലച്ചിത്ര-നാടക നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. നാടകരംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന പ്രശസ്ത നാടക നടനും സംവിധായകനുമായ വേട്ടക്കുളം ശിവാനന്ദന്റെ ജീവചരിത്രമായ ‘കനൽക്കാറ്റ്’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ആര്യനാട് സത്യൻ രചിച്ച്, നാഷണൽ ക്ലാസിക് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ കോപ്പി സാഹിത്യ -ചലച്ചിത്ര നിരൂപകൻ പി.എസ്. പ്രദീപ് ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിജയകൃഷ്ണന്റെ ‘സാഹിത്യോത്സവം’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും പ്രേംകുമാർ നിർവഹിച്ചു. എഴുത്തുകാരനും ദൂരദർശൻ മുൻ ഡയറക്ടറുമായ ബൈജു ചന്ദ്രൻ പുസ്തകം സ്വീകരിച്ചു. ആര്യനാട് സത്യന്റെ ബാലസാഹിത്യ കൃതിയായ ‘കുക്കുടാപ്പന്റെ കൂടാരം’ പ്രേംകുമാറിൽ നിന്നും കവി പകൽക്കുറി വിശ്വൻ സ്വീകരിച്ചു.’മനസ്’ സെക്രട്ടറി കരിങ്കുളം ബാബു ആശംസ നേർന്നു പ്രസംഗിച്ചു.
ചടങ്ങിന് ശ്രുതി വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആർ. ഹരികുമാർ( നാഷണൽ ക്ലാസിക് ബുക്ക്സ്) കൃതജ്ഞത പറഞ്ഞു. തുടർന്ന് എ.ശാന്തകുമാർ രചനയും, ആർ. ഹരികുമാർ സംവിധാനവും, അനിൽ മാള സംഗീതവും നിർവഹിച്ച സ്വപ്നവേട്ട എന്ന നാടകം അരങ്ങേറി. തിരുവനന്തപുരം നാട്യഗോത്രമാണ് നാടകം അവതരിപ്പിച്ചത്.
