വൈദികന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഓര്‍ത്തഡോക്സ് സഭാ വൈദികനായ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച 40ല്‍പ്പരം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മനനം എന്ന പേരില്‍ കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത്.
കല്ലില്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ആരാധനയിലുള്ള ധ്യാനത്മകമായ ചിത്രങ്ങളാണ്. ഓര്‍ത്തഡോക്സ് ആരാധനയില്‍ ഉപയോഗിക്കുന്ന ഐക്കണ്‍സ് എന്ന പറയുന്ന രീതിയിലുള്ള ചിത്രങ്ങളാണു ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്.
വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണു ചിത്രങ്ങളായി ഫാ. റിജോ കാഴ്ചക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2017 മുതല്‍ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഫാ. റിജോ കോട്ടയം സോഫാന ഓര്‍ത്തഡോക്സ് അക്കാദമിയിലാണു സേവനം അനുഷ്ഠിക്കുന്നത്. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്കു ഓരോ ചിത്രങ്ങളെക്കുറിച്ചും ഫാ. റിജോ വിവരിച്ചു നല്‍കുന്നുമുണ്ട്. കുട്ടികളടക്കം നിരവധി പേരാണു ചിത്രപ്രദര്‍ശനം കാണുന്നതിനായി ദിവസം എത്തികൊണ്ടിരിക്കുന്നത്. ചിത്രപ്രദര്‍ശനം 28നു സമാപിക്കും.
