കൊക്കയാർ: വേനൽ കടുത്തതോടെ കൊക്കയാർ പഞ്ചായത്തിന്റെ നാരകംപുഴ, പുളിക്കത്തടം, കൊക്കയാർ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണമാണ് പ്രദേശവാസികളുടെ ആശ്രയം. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പമ്പ് ഹൗസിന്റെ മോട്ടോർ തകരാറിലാകുന്നതാണ് പലപ്പോഴും കുടിവെള്ള വിതരണം തടസപ്പെടുന്നതിന് പ്രധാന കാരണം. വെള്ളം പമ്പ് ചെയ്യുന്നതിനായി ഒരു മോട്ടർ മാത്രമാണ് ഉള്ളത്. പല സമയങ്ങളിലും ഇത് തകരാറിലാകും. പിന്നീട് ഇത് നന്നാക്കി വേണം ജലവിതരണം പുനഃസ്ഥാപിക്കാൻ. ഇതിനു കാലതാ മാസം നേരിടും. ഇത് ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കാലപ്പഴക്കം ചെന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമന്ന ആവശ്യം ശക്തമാണ്.
ഒരു പമ്പ്സെറ്റ് കൂടി സ്ഥാപിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തികവർഷം മാത്രമേ പ്രാവർത്തികമാവുകയുള്ളു. വാട്ടർ അഥോറിറ്റി അനാസ്ഥ തുടരുന്ന പക്ഷം പീരുമേട് വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നാരകംപുഴ വാർഡ് മെംബർ അയൂബ് ഖാൻ കട്ടപ്ലാക്കൽ അറിയിച്ചു.
