ഇസ്രയേലിനെ ഞെട്ടിച്ച് പലസ്തീന്‍കാരുടെ ജയില്‍ചാട്ടം ! സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍; സിനിമസ്റ്റൈല്‍ ജയില്‍ ചാട്ടത്തില്‍ ഞെട്ടി ഇസ്രയേല്‍…

ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്.

എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോല്‍ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി.

ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്.

ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം.

ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്.

ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. തുരുമ്പിച്ച ഒരു സ്പൂണ്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തുരങ്കമുണ്ടാക്കിയതെന്നാണ് വിവരം.

സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്.

വയലില്‍ അസാധാരണമായ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതോടെ മറ്റ് പലസ്തീന്‍ തടവുകാരെ കൂടുതല്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലും സംഭവം ഏറെ ആകര്‍ഷിക്കപ്പെട്ടു. 1994ല്‍ പുറത്തിറങ്ങിയ ഷ്വഷാങ്ക് റിഡംപ്ഷന്‍ എന്ന ലോകപ്രശസ്ത സിനിമയുമായാണ് ഈ തടവുചാട്ടത്തിന് കൂടുതല്‍ ബന്ധം.

സിനിമയിലെ രംഗത്തിന്റെ അനേകം ഫോട്ടോകളാണ് സാമൂഹ്യ മാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇസ്രായേല്‍ കനത്ത തെരച്ചില്‍ നടത്തുമ്പോള്‍ ആറുപേരുടെ ജയില്‍ ചാട്ടം മധുരം വിതരണം ചെയ്തായിരുന്നു ഗാസ ആഘോഷിച്ചത്.

Related posts

Leave a Comment