തിരക്കഥയ്ക്കാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്നു തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. തിരക്കഥ നല്ലതാണെങ്കിൽ അനുഭവസന്പന്നനാണോ പുതിയ സംവിധായകനാണോ എന്നൊന്നും താൻ നോക്കാറില്ലെന്ന് താരം. മുന്പൊരിക്കൽ തനിക്ക് രണ്ടു സിനിമകൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയാമണി തുറന്നു പറഞ്ഞിരിക്കുന്നു.
തെലുങ്കിൽ നിന്നായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്. എന്റെ മാനേജർ പറഞ്ഞിട്ടാണ് ആ പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.
പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്ക്രിപ്റ്റിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന് ശേഷം ആ സിനിമ നിർത്തിവച്ചു. പിന്നീടു സംവിധായകൻ തന്നെ മാറി.
വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകൻ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് ഷൂട്ട് പുറത്തേക്ക് വന്നില്ല. സത്യത്തിൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകനു പോലും പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. മൊത്തം കരിയറിൽ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ-പ്രിയാമണി പറഞ്ഞു.
സത്യം എന്ന ചിത്രത്തിലൂടെ മലയാളക്കരയിലെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു തുടക്കം മുതൽ ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെളിയിച്ചിരുന്നു. വിവാഹശേഷവും താരം സിനിമയിൽ സജീവമാണ്. പ്രിയതമനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചും താരം എത്താറുണ്ട്.