കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമാ മേഖലയില്‍ ചെലവ് ചുരുക്കുന്നതിനായുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ തുടങ്ങി
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസിലാണ് യോഗം. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും.
സിനിമാ നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന് തങ്ങളാല്‍ കഴിയും വിധമുള്ള സഹകരണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം താരസംഘനയായ അമ്മ നിര്‍മാതാക്കളെ കത്ത് മുഖാന്തിരം അറിയിച്ചിരുന്നു.
താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള നിര്‍മാതാക്കളുടെ അഭിപ്രായത്തോട് ഒടുവില്‍ അമ്മ വഴങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ 50 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. ന്യായമായ കുറവ് വരുത്തുന്നതിനോട് തടസമില്ലെന്ന് മാത്രമാണ് താരസംഘനയുടെ കത്തിലുള്ളത്.
പ്രതിഫല തുകയുടെ എത്ര ശതമാനം വെട്ടിക്കുറയ്ക്കണം. അതു ഏതുമാനദണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നൊക്കെ ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
അതേസമയം സിനിമ നിര്‍മാണ മേഖലയില്‍ സ്വര്‍ണക്കടത്ത് പണം ഉപയോഗിക്കുന്നുണ്ടെന്ന തരത്തില്‍ പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് അറിയുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് നാല് സിനിമകളുടെ നിര്‍മാണത്തിനായി പണം മുടക്കിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം നിഷേധിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധിച്ചുള്ള ഒന്നുംതന്നെ യോഗത്തില്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.