മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും…96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും;ഒടിയന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വിവരിച്ച് ശ്രീകുമാര്‍ മേനോന്‍…

മലയാള സിനിമാ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അനവധി വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി വന്നിരുന്നു. ഒടിയനാകാന്‍ മോഹന്‍ലാല്‍ ഭാരം കുറച്ചതും മറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒടിയന്റെ പൂര്‍ണതയ്ക്കായി മോഹന്‍ലാലിന്റെ പ്രയത്‌നം എത്രത്തോളമായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു… മോഹന്‍ലാലിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 30 കാരനായ യുവാവായും മധ്യവയസ്‌കനായും, അറുപതുകാരനായും ലാല്‍ ഇതില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറച്ച് മീശ വടിച്ച് പുതിയൊരു ലുക്കില്‍ മോഹന്‍ലാല്‍ എത്തണം. എന്നാല്‍ അത്തരമൊരു പരിവര്‍ത്തനത്തിന് ശരീരം അദ്ദേഹത്തെ അനുവദിക്കുന്നുണ്ടോ എന്ന് അറിയണമായിരുന്നു. അതിനായി വിശദമായ ചെക്കപ്പിനാണ് ലാലിനെ വിധേയനാക്കിയത്.

അതിന് ശേഷം ഫ്രാന്‍സില്‍ നിന്നെത്തിയ 22 അംഗ സംഘമാണ് ലാലിനെ പരിശീലിപ്പിച്ചത്. അതില്‍ പല വിഭാഗങ്ങളില്‍ വിദഗ്ധരായ ആളുകളുണ്ടായിരുന്നു. പരിശീലനം തുടങ്ങി കഴിഞ്ഞാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്താനാകില്ലെന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു. കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നല്‍കിയത്. ഇതില്‍ റോപ്പ് ക്‌ളൈമ്പിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവയടങ്ങുന്നതായിരുന്നു അവ.

പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക ക്‌ളേയാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും.

50 മുതല്‍ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലിന്റെ ശരീരത്തില്‍ ഇട്ടിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. പലപ്പോഴും വെട്ടിപ്പൊളിച്ചാണ് ഇത് നീക്കം ചെയ്യുക. ഇതിന്റെയെല്ലാം ഫലം സിനിമയില്‍ കാണാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇതൊരു കൊമേര്‍സ്യല്‍ മാസ് എന്റര്‍ടെയ്‌നറാണ്. നാല് പാട്ടും അഞ്ച് ആക്ഷനും ലാലേട്ടന്റെ പഞ്ച് ഡയലോഗും അഭിനയ പ്രകടനങ്ങളുമുള്ള സിനിമ. ഹരിയേട്ടന്റെ അതിമനോഹരമായ തിരക്കഥയാണ് സിനിമയുടെ മറ്റൊരു ശക്തി.

ഇവിടെ മനുഷ്യന്‍ മൃഗമായി മാറുകയാണ്. പുലി ആയും കാള ആയും മാന്‍ ആയും എല്ലാം വേഷം മാറാന്‍ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയന്‍ മാണിക്യന്‍ ആയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുക. നാലു കാലില്‍ ഓടുകയും വലിയ മരങ്ങളില്‍ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയന്‍ മാണിക്യന്‍. ആ കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്?ഷന്‍ രംഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കും. ശ്രീകുമാര്‍ പറയുന്നു.

 

Related posts