ആവേശമായി രാഹുൽ; കേന്ദ്രസർക്കാർ മിനിമം വേതനം ഉറപ്പാക്കിയത് ബിസിനസുകാരായ 15 സുഹൃത്തുക്കൾക്ക് മാത്രം;  മോദിക്കെതിരേ പരിഹാസത്തിന്‍റെ കെട്ടഴിച്ച്  കൊച്ചിയിൽ രാഹുലിന്‍റെ രൂക്ഷവിമർശനം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ കേരളത്തിലെ പ്രചരണങ്ങൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. കൊച്ചിയിൽ പതിനായിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് നേതൃസംഗമം രാഹുൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ രാഹുൽ ഉന്നയിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് രാഹുൽ നൽകിയത്. ദരിദ്രർക്കും കർഷകർക്കും ഒപ്പം നിൽക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. വാഗ്ദാനങ്ങൾ എല്ലാം ലംഘിച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തു കേന്ദ്ര സർക്കാർ വഞ്ചിച്ചു. കർഷകരെയും പാവപ്പെട്ടവരെയും മോദി അവഗണിച്ചു. അദ്ദേഹത്തിന്‍റെ ബിസിനസുകാരായ 15 സുഹൃത്തുക്കൾക്ക് മാത്രമാണ് മിനിമം വേതനം ഉറപ്പാക്കിയതെന്നും രാഹുൽ പരിഹസിച്ചു.

രാജ്യത്തിന്‍റെ അഞ്ച് വർഷം മോദി നശിപ്പിക്കുകയാണ് ചെയ്തത്. വിഭജിച്ച് ഭരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. മോദിയുടെ ആഗ്രഹം രാജ്യത്തെ രണ്ടായി വിഭജിക്കണമെന്നാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സർക്കാർ തകർത്തു. സിബിഐ ഡയറക്ടറെ എന്തിന് മാറ്റിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. റഫാൽ ഇടപാടിൽ താൻ കുടുങ്ങുമെന്ന ഭയം മൂലമാണ് മോദി സിബിഐ ഡയറക്ടറെ മാറ്റിയത്. കോടതികളെ പോലും പ്രവർത്തിക്കാൻ മോദിയും അമിത് ഷായും സമ്മതിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കും. കൂടുതൽ വനിതകൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഈ വേദിയിലും കൂടുതൽ വനിതകൾ വേണമായിരുന്നു. മാറ്റത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് എന്നും നിലകൊണ്ടിട്ടുള്ളത്. താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. ജിഎസ്ടി സന്പൂർണ പരാജയമായിരുന്നുവെന്നും ചെറുകിട വ്യാപാര മേഖലയെ ജിഎസ്ടി വഴി കേന്ദ്ര സർക്കാർ തകർത്തുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, എ.കെ.ആന്‍റണി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.

Related posts